23
Jul 2025
Fri
23 Jul 2025 Fri
GOVINDHACHAMI NEW PHOTO

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ സൗമ്യ വധക്കേസ് പ്രതി പിടിയിലായതായി സൂചന. രാവിലെ 4 മണിയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമി മണിക്കൂറുകള്‍ക്കുള്ളിലാണ് കണ്ടെത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നാല് കിലോമീറ്റര്‍ പരിധിക്കകത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. ഉപേക്ഷിക്കപ്പെട്ട ഒരു വീടിന്റെ പഴയ കിണറിനുള്ളില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍ നഗരത്തില്‍ തന്നെയുള്ള തളാപ്പിലെ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്. ഡിസിസി ഓഫീസിന് സമീപത്ത് പ്രതിയെ കണ്ടതായി നേരത്തേ നാട്ടുകാര്‍ അറിയിച്ചിരുന്നു. പിന്നില്‍ നിന്ന് വിളിച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ALSO READ: ഗോവിന്ദച്ചാമി സെല്ലില്‍ നിന്ന് പുറത്ത് കടന്നത് കമ്പി മുറിച്ച്; തുണി ഉപയോഗിച്ച് വടമാക്കി കെട്ടി മതില്‍ ചാടി

പുലര്‍ച്ചെ നാല് മണിക്കു ശേഷമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കില്‍ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോള്‍ കറുത്ത പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു. സെല്‍കമ്പികള്‍ വളച്ച് മതില്‍ ചാടുകയായിരുന്നു.

അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.

രാവിലെ പരിശോധനക്കായി ജയിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് രക്ഷപ്പെട്ട വിവരം അറിയുന്നത്. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്.

ഇയാള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചെന്നും സംശയമുണ്ട്. ജയില്‍ ചാടി 6 മണിക്കൂറിന് ശേഷമാണ് അധികൃതര്‍പോലും വിവരം അറിഞ്ഞത്. മതിലിനരികെ തുണി കണ്ടപ്പോഴാണ് സംശയം തോന്നിയതും പരിശോധന ആരംഭിച്ചതും. ജയിലിലെ ട്രെയിനിങ് ഉദ്യോഗസ്ഥരാണ് തുണി കണ്ടെത്തിയത്.

ഒരു കൈമാത്രമാണ് ഗോവിന്ദച്ചാമിക്കുള്ളത്. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.

കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.