(Govindachamy escape from jail) സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് എങ്ങിനെയെന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവരുന്നു. സെല്ലിലെ കമ്പി മുറിച്ചാണ് ഇയാള്‍ അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കില്‍ നിന്ന് പുറത്ത് കടന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
|
തുടര്‍ന്ന് തുണി ഉപയോഗിച്ച് വടമാക്കി കൂട്ടിക്കെട്ടിയാണ് മതില്‍ ചാടിയത്. വെള്ളമെടുക്കാന്‍ വച്ച ഡ്രമ്മില്‍ ചവിട്ടിക്കയറിയാണ് മതില്‍ ചാടിയതെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് സംഭവമെന്നാണ് ഊഹിക്കുന്നത്.
ദിവസങ്ങള്‍ നീണ്ട പദ്ധതി ജയില്‍ ചാട്ടത്തിന് പിന്നിലുണ്ടെന്നാണ് സൂചന. കമ്പി മുറിച്ച് മാറ്റാനുള്ള ആയുധം എവിടെ നിന്നാണ് ലഭിച്ചതെന്നതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂര്‍ സെൻട്രൽ ജയിലിൽ നിന്ന് ഒരാൾക്ക് തനിയെ ചാടാൻ കഴിയില്ലെന്നും, പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സംശയിക്കുന്നതായും അധികൃതർ സൂചിപ്പിക്കുന്നു. സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചുവരികയാണ്.
ALSO READ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി
ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്. അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടി പ്പോയത്.
ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് സൂചന. ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി.
രക്ഷപ്പെടാനുള്ള സാധ്യതകൾ
കണ്ണൂർ സെൻട്രൽ ജയിൽ ദേശീയപാതയുടെ തൊട്ടുമുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ജയിൽ കവാടത്തിൽ നിന്ന് പുറത്തിറങ്ങിയാൽ നേരെ ദേശീയപാതയിലേക്ക് പ്രവേശിക്കാം. കോഴിക്കോട് ഭാഗത്തേക്കും കാസർകോട് ഭാഗത്തേക്കും പോകാൻ ഈ ദേശീയപാത ഉപയോഗിക്കാം. ജയിലിനോട് ചേർന്നുള്ള മറ്റ് പ്രദേശങ്ങൾ ജയിൽ ഭൂമികളും കോളേജുകളും ആയതിനാൽ അവിടേക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. മുൻവശത്തെ കവാടത്തിൽ 24 മണിക്കൂറും പൊലീസ് നിരീക്ഷണവും ക്യാമറകളും ഉള്ളതിനാൽ ആ വഴി രക്ഷപ്പെടാൻ സാധ്യതയില്ല. വനിതാ ജയിലിന്റെ ഭാഗത്തുകൂടിയുള്ള വഴിയാണ് മറ്റൊരു സാധ്യതയായി കണക്കാക്കുന്നത്.
ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കാന്‍ നിര്‍ദേശമുണ്ട്. ഒരു കൈമാത്രമാണ് ഗോവിന്ദച്ചാമിക്കുള്ളത്.
സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചു.
English News Summary
Details are emerging about how Soumya murder case accused Govindachamy escaped from prison. Police sources say he escaped from the high-security 10th block by cutting the wire in his cell.


