പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ അഫ്രാസ് ഡാങ്ങിന്റെ വീട് ജമ്മു ഡെവലപ്മെന്റ് അതോറിറ്റി (ജെഡിഎ) പൊളിച്ചുമാറ്റി. അധികാരികള്‍ക്കെതിരേ സംസാരിച്ചതിന് അദ്ദേഹത്തെ നിശ്ശബ്ദനാക്കാന്‍ ലക്ഷ്യമിട്ടുള്ള ‘നടപടിയാണ് ഇതെന്നാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം, വീട് പുനര്‍നിര്‍മിക്കാനായി അദ്ദേഹത്തിന്റെ ഹിന്ദു അയല്‍വാസി ഭൂമി ദാനം ചെയ്തു.
|
”അവര്‍ അദ്ദേഹത്തിന്റെ 10 മര്‍ള (272 ചതുരശ്ര അടി) പ്ലോട്ട് തകര്‍ത്താല്‍, ഞങ്ങള്‍ അദ്ദേഹത്തിന് 20 മര്‍ള നല്‍കും” ഭൂമി ദാനം ചെയ്ത കുടുംബം വ്യക്തമാക്കി.
വീടിന്റെ ഉടമ താനല്ലെന്നും, ഏകദേശം 40 വര്‍ഷം മുമ്പ് തന്റെ പിതാവ് ഗുലാം ഖാദര്‍ നിര്‍മ്മിച്ച ഒറ്റനില കെട്ടിടം അദ്ദേഹത്തിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഡാങ്ങ് പറഞ്ഞു. നോട്ടീസൊന്നും നല്‍കിയിട്ടില്ലെന്നും, ”തന്റെ പത്രപ്രവര്‍ത്തനം കാരണമാണ് അധികൃതര്‍ വ്യക്തമായി തന്നെ ലക്ഷ്യമിടുന്നതെന്നും” അദ്ദേഹം ആരോപിച്ചു.
അതിര്‍ത്തി കടന്നുള്ള ഒരു മയക്കുമരുന്ന് റാക്കറ്റ് തകര്‍ത്തതായും ജമ്മുവിലെ ശാസ്ത്രി നഗറില്‍ നിന്ന് നവംബര്‍ 14-ന് രണ്ട് പ്രതികളില്‍ നിന്ന് 3.26 കിലോ ഹെറോയിന്‍ കണ്ടെത്തിയതായും ജമ്മു കശ്മീര്‍ പോലീസ് പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ പൊളിച്ചുമാറ്റല്‍ നടപടി.
അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരുമായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്ന് അഫ്രാസ് ഡാങ്ങ് ആരോപിച്ചിരുന്നു. എന്നാല്‍, ഒക്ടോബര്‍ 26-ന് സ്ഥലം മാറ്റപ്പെട്ട ജമ്മു (കിഴക്ക്) സബ് ഡിവിഷണല്‍ പോലീസ് ഓഫീസറായിരുന്ന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) നെതിരെ ഡാങ്ങ് ഉന്നയിച്ച ആരോപണങ്ങള്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ നിഷേധിച്ചു.
സ്ഥലം മാറ്റപ്പെട്ട ഡിഎസ്പി കുറച്ച് വര്‍ഷങ്ങളായി ഈ പ്രദേശത്ത് സേവനമനുഷ്ഠിച്ചിരുന്നെങ്കിലും മയക്കുമരുന്ന് ശൃംഖല അന്വേഷിക്കുന്നത് മനഃപൂര്‍വ്വം ഒഴിവാക്കിയെന്നും, അദ്ദേഹത്തിനും കള്ളക്കടത്ത് പ്രവര്‍ത്തനത്തില്‍ പങ്കുണ്ടായിരിക്കാമെന്നുമാണ് ഡാങ് ആരോപിച്ചത്. ഇതിനുള്ള പ്രതികാര നടപടിയാണ് വീട് തകര്‍ക്കലെന്നാണ് കരുതുന്നത്.
വീട് പൊളിച്ചുമാറ്റുന്നതിനിടെ, അഫ്രാസ് സ്വന്തം വീടിന്റെ നാശനഷ്ടങ്ങളെക്കുറിച്ച് ലൈവ് റിപോര്‍ട്ട് ചെയ്തിരുന്നു. പോലീസുകാരോട് തങ്ങളുടെ വീട് എന്തുകൊണ്ടാണ് ലക്ഷ്യമിടുന്നതെന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നതും, ഔദ്യോഗിക നോട്ടീസ് കാണണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. പൊളിച്ച് മാറ്റുന്നതിന് മുമ്പ് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയ്യാറായില്ല. പൊളിച്ചുമാറ്റല്‍ തുടരുമ്പോള്‍ അധികാരികള്‍ ‘ഗുണ്ടായിസം’ കാണിക്കുന്നു എന്ന് അദ്ദേഹം ആരോപിക്കുകയും പോലീസ് അദ്ദേഹത്തിന്റെ ഫോണ്‍ ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
Hindu–Muslim brotherhood!
Jammu-based journalist Arfaz Daing’s home was unjustifiably demolished by the Jammu Development Authority yesterday in a selective action, despite many similar structures standing in the same area.
In a powerful gesture of humanity and Hindu–Muslim… pic.twitter.com/0eVNBDtkUQ
— Nasir Khuehami (ناصر کہویہامی) (@NasirKhuehami) November 28, 2025
‘നിങ്ങള്‍ സംസാരിച്ചാല്‍ ഇത് സംഭവിക്കും’ എന്ന സന്ദേശം നല്‍കാന്‍ ശ്രമിക്കുകയാണ് അധികാരികളെന്ന് കുടുംബാംഗങ്ങളും അയല്‍വാസികളും ആരോപിച്ചു.
വര്‍ഷങ്ങളോളും കൂലിപ്പണിയെടുത്താണ് രണ്ട് മുറിയുള്ള വീട് നിര്‍മ്മിച്ചതെന്നും, വീട് നിര്‍മ്മിക്കുന്ന സമയത്ത് ജെഡിഎ നിലവിലുണ്ടായിരുന്നില്ലെന്നും അഫ്രാസിന്റെ പിതാവ് ഗുലാം ഖാദര്‍ പറഞ്ഞു.
”എന്റെ മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഞങ്ങള്‍ കഠിനാധ്വാനത്തിലൂടെ നിര്‍മിച്ച വീട് അവന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ ഞങ്ങള്‍ നീതിക്കായി അപേക്ഷിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ തന്റെ പേരക്കുട്ടികള്‍ വീട് തകര്‍ന്ന നിലയില്‍ കണ്ട് കരഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരിയായ രീതിയില്‍ ഭൂമി ഒഴിപ്പിക്കുന്നത് കുടുംബം എതിര്‍ക്കുന്നില്ല. എന്നാല്‍, അനീതിക്കെതിരേ ശബ്ദമുയര്‍ത്തുന്ന പാവപ്പെട്ടവരെ തിരഞ്ഞെടുത്ത് ലക്ഷ്യമിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
”ഭൂമി ഒഴിപ്പിക്കേണ്ടതാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. പക്ഷേ അത് ചെയ്യേണ്ടത് ഇങ്ങിനെയല്ല. പ്രതികരിക്കുന്ന പാവങ്ങള്‍ക്കെതിരേ കൈയോങ്ങുന്നവര്‍ വലിയ നിയമവിരുദ്ധ ഹോട്ടലുകളും റിസോര്‍ട്ടുകളും തൊടാന്‍ മടിക്കുന്നു,” അദ്ദേഹം പറഞ്ഞു, നാശനഷ്ടങ്ങള്‍ കാണാന്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയോട് സ്ഥലം സന്ദര്‍ശിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പൊളിച്ചുമാറ്റല്‍ റെക്കോര്‍ഡ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയെന്നും, മുന്‍കൂര്‍ അറിയിപ്പ് കൂടാതെ 4-5 ജെസിബി യന്ത്രങ്ങള്‍ എത്തിയെന്നും, ഓപ്പറേഷന്‍ സമയത്ത് കുടുംബത്തെ ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും അദ്ദേഹത്തിന്റെ ഒരു ബന്ധു ആരോപിച്ചു.
സര്‍ക്കാര്‍ ഭൂമിയിലെ നിയമവിരുദ്ധ കയ്യേറ്റങ്ങള്‍ നീക്കാന്‍ ജെഡിഎയോടും അനുബന്ധ ഏജന്‍സികളോടും ജമ്മു കശ്മീര്‍, ലഡാക്ക് ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് ഈ പൊളിച്ചുമാറ്റല്‍ നടന്നത്. എന്നാല്‍, ഇത്തരം നടപടികള്‍ സുതാര്യമായിരിക്കണമെന്നും, നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നുമാണ് വിമര്‍ശകരുടെ വാദം.
”ഞങ്ങള്‍ കയ്യേറ്റക്കാരോട് സഹാനുഭൂതിയുള്ളവരല്ല, ആരെങ്കിലും കയ്യേറ്റക്കാരനാണെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിക്കണം, പക്ഷേ അത് എല്ലായിടത്തും ചെയ്യണം. എന്നാല്‍ നിങ്ങള്‍ അത് ചെയ്യില്ല. ജമ്മു കശ്മീരില്‍ രണ്ട് തരം നിയമങ്ങളുണ്ട്. ആരെ ലക്ഷ്യമിടണം, ആരെ ഒഴിവാക്കണം എന്ന് നിങ്ങള്‍ എങ്ങനെ തീരുമാനിക്കും?”- കുടുംബത്തെ സന്ദര്‍ശിച്ച അഭിഭാഷകന്‍ ഷെയ്ഖ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി നേതാവ് ജയേഷ് ഗുപ്ത പൊളിച്ചുമാറ്റല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ’40 വര്‍ഷം ആ വീട്ടില്‍ താമസിച്ച ശേഷം കുടുംബം തെരുവില്‍ കരയുകയാണെ”ന്ന് അദ്ദേഹം പറഞ്ഞു. പൊളിച്ചുമാറ്റിയ വീട്, എല്ലാ സമുദായങ്ങള്‍ക്കും വേണ്ടി സംസാരിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റേതാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പാവപ്പെട്ടവര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും പണക്കാരെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭരണകൂടത്തിന്റെ നിലപാടെന്ന് ഗുപ്ത ആരോപിച്ചു.
മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതായിരുന്നു, പക്ഷേ ”നിര്‍ഭാഗ്യവശാല്‍” അത് ഉണ്ടായില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് രാജേഷ് പറഞ്ഞു. സമ്പന്ന വ്യക്തികള്‍ കൈവശം വെച്ചിരിക്കുന്ന നിയമവിരുദ്ധമായി കയ്യേറിയ ഭൂമിയില്‍ നടപടിയെടുക്കാന്‍ അദ്ദേഹം അധികാരികളെ വെല്ലുവിളിച്ചു.
ജമ്മു കശ്മീര്‍ ഹൈക്കോടതി അഭിഭാഷകനായ സാജിദ് ബുഖാരിയും പൊളിച്ചുമാറ്റല്‍ നടപടിയെ അപലപിച്ചു, ”അധികാരത്തിലുള്ളവര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് മാത്രമാണ് അദ്ദേഹത്തെ ശിക്ഷിക്കുന്നത്”. ഇതിനെ ”തിരഞ്ഞെടുത്ത പീഡനം” എന്ന് വിശേഷിപ്പിച്ച ബുഖാരി, ”നിലവിലെ ഭരണകൂടത്തെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്ന ആരെയും നിശ്ശബ്ദമാക്കാനുള്ള മറ്റൊരു ശ്രമമാണിത്” എന്ന് ആരോപിച്ചു.


