14
Feb 2026
Fri
14 Feb 2026 Fri

ആദായ നികുതി കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യാനുള്ള നടപടികളുമായി ആദായ നികുതി വകുപ്പ് മുന്നോട്ട്. ജയലളിതയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയായ ‘വേദനിലയം’ ഉള്‍പ്പെടെയുള്ള വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യുമെന്ന് ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
നികുതി കുടിശിക ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ജയലളിതയുടെ സഹോദര പുത്രിയും അനന്തരാവകാശിയുമായ ജെ. ദീപ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണിത്.
കുടിശികയും പലിശയും ഉള്‍പ്പെടെ 20 കോടി രൂപ ദീപയും സഹോദരന്‍ ദീപക്കും ചേര്‍ന്ന് അടയ്ക്കണമെന്നാണ് ആദായ നികുതി വകുപ്പിന്റെ നിലപാട്. നിയമപരമായ അവകാശികളില്‍ ഒരാളായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ദീപക് ഇതിനകം തന്നെ 1.17 കോടി രൂപ അടച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 36 കോടി രൂപയായിരുന്നു നികുതിയായി ഇരുവരില്‍ നിന്നും ആവശ്യപ്പെട്ടിരുന്നത്. ഇത് പിന്നീട്13 കോടി രൂപയായി കുറച്ചിരുന്നു.
നോട്ടീസുകളിലെ തുകയുടെ വ്യത്യാസം ചോദ്യം ചെയ്തും കൃത്യമായ കുടിശിക തുക അറിയിക്കണമെന്നും ആവശ്യപ്പെട്ടാണ് ദീപ ഹൈക്കോടതിയെ സമീപിച്ചത്.
ദീപയുടെ വാദം ഈ മാസം 18ന് കോടതി പരിഗണിക്കും. ജയലളിതയുടെ മൊത്തം സ്വത്തുക്കള്‍ക്ക് 600 കോടി രൂപയിലേറെ മൂല്യമുണ്ടെന്നാണ് കണക്കുകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക