14
Aug 2022
Tue
14 Aug 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാഞ്ചി: വീട്ടുജോലിക്കാരിയെ എട്ട് വർഷത്തോളം തടങ്കലിൽ വയ്ക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത് ബിജെപി വനിതാ നേതാവ്. ഝാർഖണ്ഡിലെ നേതാവായ സീമ പത്രയാണ് കൊടുംക്രൂരത കാട്ടിയത്. ബിജെപി വനിതാ ​ഘടകം ദേശീയ വർക്കിങ് കമ്മിറ്റിയം​ഗമായ സീമ കേന്ദ്രസർക്കാരിന്റെ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ സംസ്ഥാന കോഡിനേറ്റർ കൂടിയാണ്.

 

ക്രൂരപീഡനങ്ങളിൽ നിന്ന് രക്ഷപെട്ട് ആശുപത്രിയിൽ കിടക്കുന്ന സുനിതയുടെ വീഡിയോ പുറത്തുവരികയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ വനിതാ നേതാവിനെ ബിജെപി സസ്പെൻഡ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ ദീപക് പ്രകാശാണ് അന്വേഷണത്തിന് ഉത്തരവിടുകയും ഇവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തത്. എന്നാൽ സീമ പത്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടും പൊലീസ് ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റിട്ട. ഐഎഎസ് ഓഫീസറായ മഹേശ്വർ പത്രയാണ് ഇവരുടെ ഭർത്താവ്.

 

സുനിതയെ എട്ട് വർഷത്തോളം വീട്ടിൽ തടവിലാക്കി പീഡിപ്പിച്ച സീമ, ചൂടുള്ള തവിയും ലോഹദണ്ഡുകളും ഉപയോഗിച്ച് അവളെ മർദിക്കുകയും പൊള്ളിക്കുകയും തറയിലെ മൂത്രം നക്കാൻ നിർബന്ധിക്കുകയും ചെയ്തു. സുനിത ആശുപത്രി കിടക്കയിൽ കിടക്കുന്ന വീഡിയോ ദലിത് വോയ്‌സ് എന്ന ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചിട്ടുണ്ട്. തന്നോട് സംസാരിക്കുന്ന ഒരു പുരുഷനോട് കുറച്ച് വാക്കുകൾ ഉച്ചരിക്കാനുള്ള തീവ്രശ്രമം നടത്തുകയാണെങ്കിലും അതിന് സുനിതയ്ക്ക് സാധിക്കുന്നില്ല.

 

ആശുപത്രിക്കിടക്കയിൽ എഴുന്നേൽക്കാനാവാതെ സുനിത കിടക്കുന്നതാണ് വീഡിയോയിലുള്ളത്. പല്ലുകൾ പലതും നഷ്ടപ്പെട്ടിരിക്കുന്നു. എഴുന്നേറ്റിരിക്കാൻ ആവുന്നില്ല. നിരന്തരമുള്ള ക്രൂരപീഡനത്തിന്റെ തെളിവുകളായി ദേഹമാസകലം മുറിവുകളും കാണാം. കേവലം 29 വയസുള്ള സുനിതയുടെ ശരീരമാകെ ശോഷിച്ച നിലയിലാണ്. ഝാർഖണ്ഡിലെ ഗുംല സ്വദേശിയായ സുനിതയെ ക്രൂര പീഡനത്തിൽ നിന്ന് സീമയുടെ മകനായ ആയുഷ്മാനാണ് മോചിപ്പിച്ചത്.

 

ശിക്ഷയായിട്ടാണ് ഈ പീഡനമൊക്കെ എന്നായിരുന്നു സീമയുടെ വാദം. എന്നാൽ എന്താണ് താൻ ചെയ്ത കുറ്റമെന്ന് അറിയില്ലെന്ന് സീമ പറയുന്നു. സീമയുടെ മകൻ ആയുഷ്മാനാണ് തന്നെ സഹായിച്ചത്. അവൻ കാരണം മാത്രമാണ് ഞാൻ ജീവിച്ചിരിക്കുന്നതെന്നും സുനിത പറഞ്ഞു. തനിക്ക് നന്നായി പഠിക്കണമെന്നും അതിലൂടെ നല്ല ജോലി നേടി അവസ്ഥ മെച്ചപ്പെടുത്തണമെന്നുമാണ് സുനിതയുടെ ആ​ഗ്രഹം.

 

സുനിതയുടെ അവസ്ഥ ആയുഷ്മാൻ സുഹൃത്തിനോട് വിവരിക്കുകയും സഹായം അഭ്യർഥിക്കുകയുമായിരുന്നു. തുടർന്ന് സുഹൃത്ത് പൊലീസിൽ പരാതി നൽകുകയും സുനിതയെ രക്ഷപ്പെടുത്തുകയും ചെയ്തു. സുനിതയുടെ കഷ്ടപ്പാട് ആയുഷ്മാനും സുഹൃത്തും ചില ബന്ധുക്കളെ അറിയിച്ചിരുന്നുവെങ്കിലും അവർ സ്വീകരിക്കാൻ തയ്യാറായില്ല. ഇപ്പോൾ റാഞ്ചിയിലെ റിംസ് ആശുപത്രിയിൽ ചികിത്സയിലാണ് സുനിത. ഉടൻ തന്നെ ഇവരുടെ മൊഴി രേഖപ്പെടുത്താനാ‍വുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക