ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിനും പിഴ ചുമത്തിയ ജവഹർലാൽ നെഹ്‌റു സർവകലാശാല അധികൃതരുടെ നടപടി വിവാദമായതോടെ പിൻവലിച്ചു. നിരാഹാര സമരമോ ധർണയോ നടത്തിയാൽ വിദ്യാർഥികളിൽ നിന്ന് 20,000 രൂപ പിഴ ഈടാക്കുമെന്നും അക്രമം നടത്തിയാൽ 30,000 രൂപ വരെ പിഴ ഇടാക്കുകയോ പ്രവേശനം റദ്ദാക്കുകയോ ചെയ്യുമെന്നും വ്യക്തമാക്കി ജെ.എൻ.യു ചീഫ് പ്രൊടക്ടർ ആണ് വിവാദ അച്ചടക്ക മാർഗരേഖ പുറത്തിറക്കിയത്. ഭീഷണിപ്പെടുത്തുകയോ അപമാനിക്കും വിധം പെരുമാറുകയോ ചെയ്താൽ അരലക്ഷമായിരുന്നു പിഴ. ഇന്നു മുതൽ പുതിയ നിയമങ്ങൾ പ്രബല്യത്തിൽ വരുമെന്നും മാർഗരേഖയിലുണ്ടായിരുന്നു.
ഇത് പിന്നീട് മാധ്യമങ്ങളിലൂടെ വാർത്തയായതിന് പിന്നാലെ വൈകീട്ടോടെ വി.സി പിൻവലിക്കുകയായിരുന്നു. മാർഗരേഖയെ കുറിച്ച് അറിയില്ലെന്നും താനുമായി ചർച്ചചെയ്യാതെയാണ് ഇത് ഇറക്കിയതെന്നും ജെ.എൻ.യു വി.സി ശ്രാന്തിശ്രീ ഡി. പണ്ഡിറ്റ് പറഞ്ഞു.
|
ഏതെങ്കിലും അക്കാദമിക് അല്ലെങ്കിൽ അഡ്മിനിസ്‌ട്രേറ്റീവ് കോംപ്ലക്‌സുകളുടെ പ്രവേശന കവാടമോ പുറത്തോ തടസമുണ്ടാക്കി പ്രതിഷേധിക്കുന്നതും സർവകലാശാലാ സമൂഹത്തിലെ ഏതെങ്കിലും അംഗത്തിന്റെ ചലനം തടസപ്പെടുത്തുന്നതോ സ്വകാര്യതയ്ക്ക് തടസമുണ്ടാക്കുന്നതോ പിഴ ഈടാക്കാവുന്ന കുറ്റമാവും.
ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിന് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് കാംപസിൽ പ്രതിഷേധവും സംഘർഷവുമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നടപടി.





