23
Mar 2023
Sun
23 Mar 2023 Sun

ജിദ്ദ: ഇന്ത്യയിൽ തീവ്ര വംശീയ ആക്രമണങ്ങൾ അനുദിനം വർധിച്ചു വരികയാണെന്നും ഇതിനെ ചെറുത്തുതോൽപിക്കാൻ എല്ലാ വിഭാഗം ആളുകളും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ജമാഅത്തെ ഇസ് ലാമി കേരള അസിസ്റ്റന്റ് അമീർ പി മുജീബുറഹ്മാൻ. ഹൃസ്വ സന്ദർശനാർ ജിദ്ദയിലെത്തിയ അദ്ദേഹം തനിമ സാംസ്കാരിക വേദി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകത്തുടനീളം വംശീയ പ്രവണത ശക്തി പ്രാപിച്ചുവരികയാണ്. ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാൾ മൽസരത്തിന് പോലും തീവ്ര വംശീയതയുടെ ഭീഷണി ഉണ്ടായിരുന്നു. ഖത്തർ അതിനെ വളരെ തന്മയത്വത്തോടെ നേരിട്ടത് പോലെ, ഇന്ത്യയിലെ വംശീയ മുന്നേറ്റത്തെ നേരിടാൻ കരുത്താർജിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ലോക രാജ്യങ്ങൾക്കിടയിൽ ദയനീയാവസ്ഥയിലാണ് നിലകൊള്ളുന്നത്. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്കെതിരേ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാംപയിൻ നടക്കുകയാണ്. മുസ് ലിംങ്ങളെ കണ്ടാൽ അവർ കൊല്ലപ്പെടേണ്ടവരാണെന്ന പൊതുബോധം സൃഷ്ടിക്കുന്നു. ഹിറ്റ്ലർ വംശഹത്യ നടത്തിയത് നിയമാനുസൃതമായിരുന്നു. അതുപോലെ ഈയിടെ നാഗ്പൂരിൽ നടന്ന നിയമ വിദഗ്ധരുടെ സമ്മേളനത്തിലെ മുഖ്യ അജണ്ട ഹിന്ദു രാഷ്ട്രം എങ്ങനെ നിർമിക്കാം എന്നതിനെക്കുറിച്ചായിരുന്നു.

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം കൊടുക്കുന്നത് ഒരു സെക്കുലർ രാജ്യത്ത് വിചിത്രമാണ്. പൗരത്വ നിയമം കൊണ്ടുവന്ന് രാജ്യത്ത് രണ്ടാംകിട പൗരന്മാരെ സൃഷ്ടിക്കുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. ഇത്തരം പ്രവണതകൾക്കെതിരേ മുഴുവൻ ആളുകളേയും ചേർത്തു പിടിച്ച്, വംശീയതയ്ക്കെതിരേ യോജിച്ച മുന്നേറ്റം ഉണ്ടായാൽ മാത്രമെ രാജ്യനിവാസികൾക്ക് രക്ഷയുള്ളൂവെന്ന് പി. മുജീബുറഹ്മാൻ ഓർമിപ്പിച്ചു. സാമൂഹിക കൂട്ടായ്മകൾക്ക് രൂപംകൊടുത്തും വംശീയതയെ തടയാൻ സാധിക്കും. വംശീയതയ്ക്കെതിരായ പോരാട്ടം വൈകാരികമാവുന്നത് സംഘ്പരിവാറിനായിരിക്കും ഗുണപ്രദമാവുക എന്ന് അദ്ദേഹം ഉദാഹരണ സഹിതം വിവരിച്ചു.

പൊതുസമൂഹത്തിലെ പല പ്രമുഖരും ഇന്ന് ജയിലിനകത്ത് കഴിയുന്ന അവസ്ഥ ദാരുണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സദസ്സിൽ നിന്നുയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. തനിമ പടിഞ്ഞാറൻ പ്രൊവിൻസ് പ്രസിഡന്റ് എ. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. ബഷീർ സ്വാഗതവും കെ.എം, അനീസ് നന്ദിയും പറഞ്ഞു. മുഹമ്മദലി പട്ടാമ്പി ഖിറാഅത്ത് നടത്തി. പരിപാടിയിൽ ജിദ്ദ പ്രവാസി സമൂഹത്തിലെ വിത്യസ്ത തുറകളിലുളള നിരവധി പേർ പങ്കെടുത്തു.