21
Jan 2023
Fri
21 Jan 2023 Fri

12 ദിവസംകൊണ്ട് ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി 5.4 സെന്റിമീറ്റർ ഇടിഞ്ഞുതാഴ്ന്നതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ(ഐഎസ്ആർഒ). ഡിസംബർ 27മുതൽ ജനുവരി എട്ട് വരെയുള്ള കാലയളവിൽ ശേഖരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഐഎസ്ആർഒ റിപോർട്ട് പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം മുൻമാസങ്ങളെ അപേക്ഷിച്ച് ഈ അളവ് കുറവാണെന്നും റിപോർട്ടിൽ പറയുന്നു. കഴിഞ്ഞവർഷം ഏപ്രിലിനും നവംബറിനും ഇടയിലായി 9 സെന്റിമീറ്ററാണ് ജോഷിമഠ് താഴ്ന്നുപോയത്. കാർട്ടോസ്റ്റാറ്റ് 2 എസ് സാറ്റലൈറ്റ് പകർത്തിയ ചിത്രങ്ങൾ വിലയിരുത്തിയാണ് റിപോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അറുന്നൂറിലേറെ വീടുകളാണ് കഴിഞ്ഞദിവസങ്ങളിൽ ജോഷിമഠിൽ വിള്ളൽവീണ് അപകടാവസ്ഥയിലായത്. റോഡുകളും വിണ്ടകന്നിരുന്നു.

നാലായിരത്തിലേറെ പേരെയാണ് ഇവിടെ നിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയത്. വീടൊഴിപ്പിക്കപ്പെട്ടവർക്ക് സർക്കാർ ഒന്നരലക്ഷം രൂപ വീതം താൽക്കാലിക നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. മേഖലയിൽ നടക്കുന്ന ഊർജ നിലയ നിർമാണം അടക്കമുള്ള അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ് ജോഷിമഠിനെ ഇത്തരമൊരു ദുരവസ്ഥയിലേക്ക് തള്ളിയിട്ടതെന്ന് വിദ​ഗ്ധർ കുറ്റപ്പെടുത്തിയിരുന്നു.

നിർമാണ നിരോധന ഉത്തരവ് നിലനിൽക്കെ ഊർജനിലയത്തിന്റെ ഭാ​ഗമായ നിർമാണം നടക്കുന്നുവെന്ന വാർത്തകളും ഇതിനിടെ പുറത്തുവന്നിരുന്നു. ബദ് രിനാഥ് ക്ഷേത്രതീർഥാടകരുടെ ഇടത്താവളമാണ് ജോഷിമഠ്. ഇതിനു പുറമേ സിഖുകാരുടെ പുണ്യകേന്ദ്രമായ ഹേമകുണ്ഡ് സാഹിബിലേക്കുള്ള ഇടനാഴിയായും ജോഷിമഠ് ഉപയോ​ഗിക്കപ്പെടുന്നു.