അയോധ്യയിലുണ്ടായ സന്തോഷം അബൂദബിയില്‍ വര്‍ധിച്ചെന്ന് ക്ഷേത്ര ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച 27 ഏക്കര്‍ ഭൂമിയില്‍ നിര്‍മിച്ച ബാപ്‌സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു നരേന്ദ്രമോദി. 700 കോടി രൂപ മുടക്കിയാണ് അബൂദബിയില്‍ ശിലാക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. (joy felt in ayodhya amplifies in abudhabi says narendra modi during temple inauguration)
|
മനുഷ്യ ചരിത്രത്തിന്റെ ഒരു സുവര്‍ണ അധ്യായം യുഎഇയില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്നും വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ ദീര്‍ഘനാളത്തെ സ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വപ്‌നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. ഇന്ത്യയും ഓരോ ഇന്ത്യക്കാരനും ആ നിമിഷം ആഘോഷിക്കുകയാണ്. എന്റെ സുഹൃത്ത് ബ്രഹ്‌മവിഹാരി പറഞ്ഞു മോദിജിയാണ് വലിയ പുരോഹിതനെന്ന്. എന്നാല്‍ ഒരു ക്ഷേത്ത്രിന്റെ പൂജാരിയായിരിക്കാനുള്ള യോഗ്യത എനിക്കുണ്ടോയെന്ന് അറിയില്ല. പക്ഷേ ഇന്ത്യാ മാതാവിന്റെ പുരോഹിതനായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞു.
അയോധ്യയില്‍ അനുഭവിച്ച സന്തോഷം ഇന്ന് അബൂദബിയില്‍ ഇരട്ടിച്ചിരിക്കുന്നു. കഴിഞ്ഞമാസം അയോധ്യയില്‍ പ്രതിഷ്ഠാകര്‍മത്തിനും ഇന്നിപ്പോള്‍ അബൂദബിയില്‍ ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനും സാക്ഷിയാവുന്നത് തനിക്കു ലഭിക്കുന്ന ബഹുമതിയാണെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
2019ലാണ് ക്ഷേത്ര നിര്‍മാണത്തിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ 13.5 ഏക്കര്‍ ഭൂമി വിട്ടുനല്‍കിയത്. അതേവര്‍ഷം തന്നെ 13.5 ഏക്കര്‍ ഭൂമി കൂടി വിട്ടുനല്‍കുകയായിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ പൊളിച്ചുനീക്കിയ ഭൂമിയില്‍ സുപ്രിംകോടതിയുടെ അനുമതിയോടെ നിര്‍മിക്കുന്ന രാമക്ഷേത്രത്തില്‍ ജനുവരി 22നായിരുന്നു നരേന്ദ്രമോദി പ്രാണപ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും എയിംസ് ആശുപത്രികള്‍ക്കും അടക്കം അവധി നല്‍കിയായിരുന്നു അന്നത്തെ പ്രതിഷ്ഠാചടങ്ങുകള്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





