29
Oct 2024
Thu
29 Oct 2024 Thu
love jihad case

ലഖ്‌നോ: വിവാഹം വാഗ്ദാനം ചെയ്ത് നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്ന കേസില്‍ യുവാവിന് ജീവപര്യന്തം തടവ്.(Judge supports ‘love jihad’ theory, sentences Muslim man to ‘entire life’ in jail)  കൂട്ടുപ്രതിയായ യുവാവിന്റെ പിതാവിന് രണ്ട് വര്‍ഷം തടവും വിധിച്ചു. ഉത്തര്‍പ്രദേശ് ബറേലിയിലെ അതിവേഗ കോടതി ജഡ്ജി രവി കുമാര്‍ ദിവാകറിന്റേതാണ് ഉത്തരവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ യുവതി, യുവാവിന് അനുകൂലമായി മൊഴി തിരുത്തിപ്പറഞ്ഞെങ്കിലും ജഡ്ജി അത് ചെവിക്കൊണ്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപോര്‍ട്ടില്‍ പറയുന്നു. നേരത്തേ താന്‍ യുവാവിന് എതിരായി മൊഴി നല്‍കിയത് സംഘപരിവാര സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടാണെന്ന് സപ്തംബര്‍ 19ന് യുവതി കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍, കോടതി ഈ മൊഴി തള്ളി. പ്രതിയുടെ തെറ്റായ സ്വാധീന വലയത്തില്‍പ്പെട്ടാണ് ഇങ്ങിനെ മൊഴി നല്‍കിയതെന്നാണ് ജഡ്ജിയുടെ വ്യാഖ്യാനം.

ALSO READ: തെളിവുകളുണ്ടെങ്കില്‍ കൊണ്ടുവരൂ; മാനാഞ്ചിറ സ്‌ക്വയറില്‍ വന്നുനില്‍ക്കാം കല്ലെറിഞ്ഞുകൊന്നോളാന്‍ മനാഫ്

കേസിലെ പ്രതിയായ മുഹമ്മദ് ആലിം അഹ്‌മദ് ലൗ ജിഹാദാണ് നടത്തിയതെന്ന് ജഡ്ജി രവി കുമാര്‍ നിരീക്ഷിച്ചു. ഹിന്ദുക്കളെ മതംമാറ്റി ബംഗ്ലാദേശിലെയും പാകിസ്താനിലെയും സമാനമായ സാഹചര്യം സൃഷ്ടിക്കുക ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടിയെന്നും ജഡ്ജി പറഞ്ഞു. ലൗ ജിഹാദ് വഴിയുള്ള മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ രാജ്യം ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും 42 പേജുള്ള വിധിന്യായത്തില്‍ പറയുന്നു.

2022ല്‍ വരാണസിയിലെ ഗ്യാന്‍വ്യാപി മസ്ജിദില്‍ സര്‍വേ നടത്തുന്നതിന് അനുമതി നല്‍കി സംഘപരിവാരത്തിന് അനുകൂലമായി വിധി പറഞ്ഞയാളാണ് ജഡ്ജി രവികുമാര്‍. ഈ വര്‍ഷം ആദ്യത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിപ്പറഞ്ഞതിലൂടെ വിവാദനായകനായ വ്യക്തികൂടിയാണ് ജഡ്ജി രവികുമാര്‍. ആധുനിക കാലത്തെ തത്വചിന്തകനായ രാജാവാണ് യോഗിയെന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണം രാഷ്ട്രീയ പാര്‍ട്ടികളുടെ മുസ്ലിം പ്രീണനമാണെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു. പിന്നീട് അലഹബാദ് ഹൈക്കോടതി തന്നെ ഇതിനെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തി.

ജനസംഖ്യാ അനുപാതത്തില്‍ വ്യതിയാനമുണ്ടാക്കുന്നതും അന്താരാഷ്ട്ര സംഘര്‍ഷം ഇളക്കിവിടുന്നതും ലക്ഷ്യമിട്ട് മതതീവ്രവാദികള്‍ നടത്തുന്നതാണ് ലൗജിഹാദെന്ന് കേസില്‍ വാദംകേള്‍ക്കുന്നതിനിടെ ജഡ്ജി പറഞ്ഞു.

2023ല്‍ ആണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത. മുഹമ്മദ് ആലിം അഹ്‌മദ്, പിതാവ് സബീര്‍ അഹ്‌മദ്, മറ്റ് ആറ് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെതിരേയാണ് പരാതി.

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ കാമുകനായ ആലിം പല തവണ ബലാല്‍സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയായി ആലിമിന്റെ വീട്ടിലേക്ക് പോയ സമയത്ത് മാത്രമാണ് അയാള്‍ മുസ്ലിമാണെന്ന് മനസ്സിലാവുന്നതെന്നും യുവതി പറയുന്നു. 2022ല്‍ ഒരു ക്ഷേത്രത്തില്‍ വച്ച് വിവിഹിതരായെന്നും എന്നാല്‍, പിന്നീട് ഇസ്ലാം മതത്തിലേക്ക് മാറനും ഗര്‍ഭഛിത്രം നടത്താനും ആലിമും കുടുംബവും നിര്‍ബന്ധിച്ചുവെന്നും പരാതിയിലുണ്ട്.

എന്നാല്‍, കോടതിയില്‍ മൊഴി നല്‍കവേ 22കാരിയായ യുവതി ആ ആരോപണങ്ങളെല്ലാം പിന്‍വലിച്ചിരുന്നു. എഫ്‌ഐആറിലും നേരത്തേ മജിസ്‌ട്രേറ്റിന് മുന്നിലും നല്‍കിയ മൊഴി പിതാവിന്റെയും ഹിന്ദുത്വ സംഘടനകളുടെയും സമ്മര്‍ദ്ദത്തില്‍ ചെയ്തതാണെന്നാണ് യുവതി വ്യക്തമാക്കിയത്. മുസ്ലിം യുവാവിനെ വിവാഹം ചെയ്യുന്നതിലുള്ള അവരുടെ എതിര്‍പ്പാണ് ഇതിന് കാരണമെന്നും യുവതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആലിമിന്റെ സ്വാധീനത്തിലാണ് യുവതി മൊഴി തിരുത്തിയതെന്ന് പറഞ്ഞ് ജഡ്ജി ഇത് തള്ളിക്കളയുകയായിരുന്നു.

ലൗ ജിഹാദ് എന്ന കെട്ടുകഥ
ഇന്ത്യയിലെ സംഘപരിവാര സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന സിദ്ധാന്തമാണ് ലൗ ജിഹാദ്. മുസ്ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ച് മതംമാറ്റുന്നുവെന്നാണ് ആരോപണം. ഇതിന് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും ആരോപിക്കുന്നു.

എന്നാല്‍, നേരത്തേ കേരളത്തിലും കര്‍ണാടകയിലും ഉള്‍പ്പെടെ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പോലീസും എന്‍ഐഎയും ഈ വാദം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിരുന്നു. കേരള ഹൈക്കോടതിയും ലൗ ജിഹാദ് സിദ്ധാന്തം തള്ളിക്കളഞ്ഞതാണ്.