ഷിരൂരില്‍ മണ്ണിടിച്ചില്‍ പെട്ട് മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ സഹോദരിയും സഹോദരി ഭര്‍ത്താവും ചേര്‍ന്ന് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് ലോറി ഉടമ മനാഫ്. അര്‍ജുന്റെ പേരില്‍ താന്‍ പണം പിരിച്ചുവെന്ന കുടുംബത്തിന്റെ ആരോപണം നിഷേധിച്ച മനാഫ് താന്‍ ഒരു രൂപ പോലും ആരോടും വാങ്ങിയിട്ടില്ലെന്നും എന്തെങ്കിലും തെളിവ് കൊണ്ടുവന്നാല്‍ താന്‍ മാനാഞ്ചിറ സ്‌ക്വയറിനു നടുവില്‍ വന്നുനില്‍ക്കാമെന്നും തന്നെ കല്ലെറിഞ്ഞുകൊന്നോളാനും മനാഫ് പറഞ്ഞു.
|
തന്റെ സ്വത്ത് വിറ്റിട്ടാണ് ഈ കാര്യങ്ങള്‍ക്കു വേണ്ടി ഇറങ്ങിത്തിരിച്ചത്. പി ആര്‍ വര്‍ക്ക് ചെയ്യുകയായിരുന്നുവെന്ന ആരോപണത്തിന് നിങ്ങളാണ് എനിക്കു വേണ്ടി പി ആര്‍ വര്‍ക്ക് ചെയ്തതെന്നും താനൊരു കാര്യം ഏറ്റെടുത്തു അതു ചെയ്തു പൂര്‍ത്തിയാക്കിയതായും മനാഫ് മാധ്യമപ്രവര്ത്തകരോടു വ്യക്തമാക്കി.
അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെ ഇവിടെ നിന്നുള്ള വിവരങ്ങള്‍ പുറത്തേക്ക് അറിയിക്കാനാണ് യുട്യൂബ് ചാനല്‍ തുടങ്ങിയത്. ഷിരൂരില്‍ താന്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടപ്പോഴാണ് ഒരു ധൈര്യത്തിനു വേണ്ടി ചാനല്‍ ആരംഭിച്ചതെന്നും മനാഫ് പറഞ്ഞു. വല്ലപ്പോഴും ലൈവ് ഇട്ടിരുന്നു ചാനലില്‍. ജനങ്ങള്‍ അര്‍ജുന്റെ കാര്യങ്ങള്‍ മറന്നുപോവാതിരിക്കാനാണ് ഇടയ്ക്കിടെ വീഡിയോ ചെയ്തിരുന്നത്. പതിനായിരത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമാണ് ചാനലിലുള്ളത്. അതിലൂടെ താന്‍ എന്ത് വരുമാനമുണ്ടാക്കിയെന്നാണ് പറയുന്നത്.
എന്താണ് ഇവര്‍ നേരത്തേ ഈ ആരോപണങ്ങള്‍ ഉന്നയിക്കാതിരുന്നതെന്നായിരുന്നു ഈശ്വര്‍ മാല്‍പെയെയുമായി കൂടിച്ചേര്‍ന്ന് കാര്യങ്ങള്‍ വഴിതിരിച്ചുവിട്ടുവെന്നും മുതലെടുത്തുവെന്നുമുള്ള ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്. അര്ജുനു വേണ്ടി ആക്ഷന്‍ കമ്മിറ്റി അംഗങ്ങള് മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് പോയപ്പോള്‍ താന്‍ കൂടെ പോയിരുന്നു. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനോടും കൂടെ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ വരുന്നില്ലെന്നും താന്‍ ഫോണ്‍ വിളിച്ചാല്‍ മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ കഴിയുമെന്നായിരുന്നു അന്ന് മറുപടി നല്‍കിയതെന്നും മനാഫ് പറഞ്ഞു.
അര്‍ജുന്റെ അമ്മ തന്റെ അമ്മയാണ്. അവര്‍ തന്നെ തള്ളിപ്പറഞ്ഞാലും അവര്‍ തന്റെ കുടുംബമാണെന്ന് മനാഫ് വ്യക്തമാക്കി. ലോറിയും തടിയും മുബീന്റേതാണെന്ന് ആരോപണത്തോട് മുബീന്‍ തന്റെ സ്വന്തം അനിയനാണെന്നും താനെടുത്തു നടന്നിട്ടുള്ളയാളാണെന്നും പിതാവ് മരിച്ച ശേഷം താനാണ് കുടുംബത്തിന്റെ ഭാരം ചുമക്കുന്നതെന്നും മുബീന് അങ്ങനെയൊരു പരാതി ഉള്ളതായി അറിയില്ലെന്നും മനാഫ് പറഞ്ഞു.
മനാഫിന്റെ ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടരുതെന്ന കുടുംബം ആവശ്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയപ്പോള് തന്റെ ലോറിക്ക് അര്‍ജുന്‍ എന്ന പേരിടുമെന്നും അതാര്‍ക്കും തടയാനാവില്ലെന്നും മനാഫ് പറഞ്ഞു.
മാധ്യമങ്ങള്‍ തനിക്ക് വലിയ പ്രസിദ്ധി തന്നുവെന്നും അതാവാം ഇപ്പോള്‍ അര്‍ജുന്റെ സഹോദരിയും സഹോദരി ഭര്‍ത്താവും അടക്കമുള്ളവര്‍ ഇപ്പോള്‍ തനിക്കെതിരേ രംഗത്തുവന്നിട്ടുള്ളതെന്നും മനാഫ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. തനിക്കും അര്‍ജുന്റെ കുടുംബത്തിനും പ്രസിദ്ധി ആവശ്യമില്ലെന്നും മനാഫ് പറഞ്ഞു. ഈശ്വര്‍ മാല്‍പെ, രഞ്ജിത് ഇസ്രായേല്‍ തുടങ്ങി ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പങ്കാളിയായ ആരെയും താന്‍ തള്ളിപറയില്ലെന്നും തനിക്കവരോട് നന്ദിയുണ്ടെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.





