കണ്ണൂര്‍: നഗരത്തില്‍ നിന്ന് കാണാതായ യുവതിക്കായുള്ള കുടുംബത്തിന്റെ കാത്തിരിപ്പിന് ഇന്ന് 10 വര്‍ഷം തികയുന്നു. മയ്യില്‍ മാണിയൂരില്‍ നിന്ന് 2016 സെപ്റ്റംബര്‍ 18-നാണ് 19 വയസുകാരിയായ ഹസനത്തിനെ കാണാതാകുന്നത്. അന്നേ ദിവസം രാവിലെ വീട്ടുകാരോട് കണ്ണൂര്‍ കോട്ട കാണാന്‍ പോകുകയാണെന്ന് പറഞ്ഞു ഇറങ്ങിയ ഹസനത്ത് പിന്നീട് തിരിച്ചു വന്നില്ല.
|
Key Highlights
- തിരോധാനം: മയ്യിൽ മാണിയൂരിൽ നിന്ന് 2016 സെപ്റ്റംബർ 18ന് 19കാരിയായ ഹസനത്തിനെ കാണാതായി.
- അവസാനമായി: കണ്ണൂർ കോട്ട കാണാൻ പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞാണ് ഹസനത്ത് വീട്ടിൽനിന്ന് ഇറങ്ങിയത്.
- 10 വർഷം: ഹസനത്തിനെ കാണാതായിട്ട് ഇന്ന് 10 വർഷം പൂർത്തിയാകുമ്പോഴും കുടുംബത്തിന് മകളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
- കുടുംബത്തിന്റെ അപേക്ഷ: തിരോധാനത്തിൽ ശക്തമായ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോമത്ത് മുഹമ്മദലി ആഭ്യന്തരമന്ത്രിക്ക് വീണ്ടും അപേക്ഷ നൽകി.
- പ്രതീക്ഷ: മകളെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ പുതിയ അന്വേഷണത്തിനായി കാത്തിരിക്കുകയാണ് ഹസനത്തിന്റെ മാതാപിതാക്കളും ബന്ധുക്കളും.
പഠനത്തില്‍ മിടുക്കിയായ വിദ്യാര്‍ഥിനി
രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷമായിരുന്നു ആ യാത്ര. അന്ന് എച്ചൂര്‍ നളന്ദ കോളേജില്‍ ഡിഗ്രിക്കു പഠിക്കുകയായിരുന്നു ഹസനത്ത്. കൂട്ടുകാരികളോടൊപ്പം കണ്ണൂര്‍ കോട്ട കാണാന്‍ പോകുന്നുവെന്നായിരുന്നു ഉമ്മയോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് മകള്‍ തിരിച്ചുവന്നില്ല. പഠനത്തില്‍ ഏറെ മിടുക്കിയായിരുന്ന ഹസനത്ത് കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു.
മകളെ കാണാതായതിനെ കുറിച്ച് മാണിയൂര്‍ തരിയേരി അമ്പലക്കണ്ടി ബദരിയ മന്‍സിലില്‍ കോമത്ത് മുഹമ്മദലിയും ഭാര്യ നബീസയും മയ്യില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മാതാപിതാക്കളെയും വീട്ടുകാരെയും വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയതല്ലാതെ തുടര്‍ന്ന് യാതൊരു വിവരവും പോലീസിന്റെ ഭാഗത്തുനിന്ന് ലഭിച്ചില്ല.
പിറ്റേ ദിവസം തന്നെ കുടുംബം കണ്ണൂര്‍ കോട്ടയിലെത്തി അന്വേഷണം നടത്തിയെങ്കിലും ജീവനക്കാര്‍ക്കും ഇതേക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.
കോട്ടയുടെ പരിസരത്ത് നിന്ന് ബാഗും കുടയും ലഭിച്ചിരുന്നു.
പുതിയ അന്വേഷണത്തിനായി കുടുംബത്തിന്റെ അപേക്ഷ
തുടര്‍ന്ന് ഉന്നത പോലീസ് അധികാരികള്‍ക്കും അന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഓരോ ദിവസവും എന്നെങ്കിലും മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളും ബന്ധുക്കളും കഴിയുന്നത്.
തങ്ങളുടെ മകളുടെ തിരോധാനത്തില്‍ ശക്തമായ തുടരന്വേഷണം ആവശ്യപ്പെട്ട് ടി.കെ. ഗോവിന്ദന് എം.എല്‍.എ മുഖേന ആഭ്യന്തരമന്ത്രിക്ക് പിതാവ് കോമത്ത് മുഹമ്മദലി വീണ്ടും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
പുതിയ ഭരണത്തിലും പോലീസ് സംവിധാനത്തിലും പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ഈ കുടുംബം. പിടികിട്ടാപ്പുള്ളികളെ തേടിപ്പിടിക്കുന്ന കണ്ണൂരിലെ പോലീസ് തങ്ങളുടെ മകളെ എങ്ങനെയെങ്കിലും കണ്ടെത്തുമെന്ന അടിയുറച്ച പ്രതീക്ഷയിലാണ് ഉപ്പയും ഉമ്മയും.
Tags: Hasanath Missing, Kannur Missing Case, Kannur News, Missing Woman, Hasanath, Mayyil, Kannur Fort, Missing Person, Kerala News, Missing Case
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




