26
Dec 2024
Tue
26 Dec 2024 Tue
MEC7 excercise

കോഴിക്കോട: കേരളത്തിലും ഗള്‍ഫ് നാടുകളിലും അതിവേഗം ജനപ്രിയമായിക്കൊണ്ടിരിക്കുന്ന മെക്7(മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍) വ്യായാമത്തിനെതിരേ കാന്തപുരം സുന്നീ വിഭാഗം നേതാക്കള്‍. (Kanthapuram Sunni leaders against Mec7 exercise; organizers deny allegations) നിരുപദ്രവകരമെന്ന് തോന്നുന്ന വ്യായാമ പരിപാടിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് സുന്നീ യുവജന സംഘം ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം ജില്ലയിലെ തുറക്കലിലുള്ള മുന്‍ സൈനികന്‍ പി സലാഹുദ്ദീന്‍ 2012ല്‍ വികസിപ്പിച്ചെടുത്ത വ്യായാമ രീതിയാണ് മെക്7. ലളിതമായി തുടങ്ങിയ മെക്7 ഇന്ന് മലബാര്‍ മേഖലയില്‍ ആരോഗ്യ ചിന്തയുള്ള എല്ലാ പ്രായക്കാരിലും അതിവേഗം ട്രെന്‍ഡായി മാറിയിരിക്കുകയാണ്.

നിലവില്‍ 1000ലേറെ യൂണിറ്റുകള്‍ പല ജില്ലകളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ഗള്‍ഫ് നാടുകളിലും മെക്7 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലേക്കും ഇത് എത്തിക്കാനുള്ള പ്രയത്‌നത്തിലാണ് അണിയറ ശില്‍പ്പികള്‍.

ALSO READ: മെക് സെവന്‍ വ്യായാമത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും പോപുലര്‍ ഫ്രണ്ടുമെന്ന് മോഹനന്‍ മാസറ്റര്‍

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ ആണ് മെക്7 വ്യായാമത്തിനെതിരേ ആദ്യം വിവാദമഴിച്ചുവിട്ടത്. ജമാഅത്തെ ഇസ്ലാമിയും പോപുലര്‍ ഫ്രണ്ടുമാണ് ഇതിന് പിന്നലെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

തുടര്‍ന്ന് ഈ ആരോപണം കാന്തപുരം സുന്നീ വിഭാഗം ഏറ്റെടുക്കുകയായിരുന്നു. മുസ്ലിം സ്ത്രീകളുടെ അടക്കവും ഒതുക്കവും ഇല്ലാതാക്കുന്നതാണ് ഈ വ്യായാമ മുറയെന്നായിരുന്നു എസ് വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ ആക്ഷേപം. വ്യാമായത്തിന്റെ പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി വനിതകളെ വീടിനുള്ളില്‍ നിന്ന് മൈതാനങ്ങളിലേക്ക് കൊണ്ടു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

കളരിയുടെയും വ്യായാമത്തിന്റെയും പേരില്‍ സുന്നീ ആശയങ്ങളെ നശിപ്പിക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ തന്ത്രമാണിതെന്നായിരുന്നു കാന്തപുരം വിഭാഗത്തിലെ പ്രമുഖ നേതാവായ പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫിയുടെ ആരോപണം.

കളരിയുടെയും വ്യായമത്തിന്റെയും പേര് പറഞ്ഞാണ് നാഷനല്‍ ഡവലപ്‌മെന്റ് ഫ്രണ്ട്(എന്‍ഡിഎഫ്) തുടക്കത്തില്‍ യുവാക്കളെ ആകര്‍ഷിച്ചിരുന്നതെന്ന് മുഹമ്മദലി കിനാലൂര്‍ ആരോപിക്കുന്നു. അതിന്റെ അപകടത്തെക്കുറിച്ച് സൂന്നീ പണ്ഡിതന്മാരാണ് ആദ്യം ചൂണ്ടിക്കാട്ടിയിരുന്നതെന്നും കിനാലൂര്‍ അവകാശപ്പെട്ടു.

എന്നാല്‍, ഇത്തരം ആരോപണങ്ങളെല്ലാം മെക്7 സംഘാടകര്‍ തള്ളിക്കളഞ്ഞു.

”ഞങ്ങളുടെ അംഗങ്ങളില്‍ വിരമിച്ച സൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ന്യായാധിപന്മാര്‍ തുടങ്ങിയവര്‍ ഉണ്ട്. പൊതു സ്ഥലത്ത് വളരെ സുതാര്യമായാണ് മെക് 7 വ്യായാമം നടക്കുന്നത്”- മെക്7 ബ്രാന്‍ഡ് അംബാസഡര്‍ അറക്കല്‍ ബാവ വ്യക്തമാക്കി.

”ഞങ്ങളുടെ മെമ്പര്‍മാരില്‍ ഭൂരിഭാഗവും 50 വയസ്സിന് മുകളിലുളളവരാണ്. ആരോപിക്കപ്പെടുന്നതു പോലുള്ള ഗൂഡ ലക്ഷ്യമുണ്ടായിരുന്നെങ്കില്‍ ഈ പ്രായക്കാരെ നമ്മള്‍ തിരഞ്ഞെടുക്കുമെന്ന് തോന്നുന്നുണ്ടോ? എല്ലാ മതത്തിലും വിഭാഗങ്ങളിലും പെട്ടവര്‍ മെക്7 അംഗങ്ങളായുണ്ട്”- അദ്ദേഹം പറഞ്ഞു.

സംശങ്ങളുന്നയിച്ചവരെ നേരിട്ട് ബന്ധപ്പെട്ട് തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടുണ്ട്. വീടുകളില്‍ ഒതുങ്ങിക്കൂടിയിരുന്ന ആളുകള്‍ക്ക് പുറത്തിറങ്ങാനും മറ്റുള്ളവരുമായി ഇടപഴകാനും ലഭിക്കുന്ന അവസരം സന്തോഷം പകരുന്നുണ്ട്.

”|ഷാര്‍ജയില്‍ മെക്7 വ്യായാമം ഉദ്ഘാടനം ചെയ്തത് പോലീസ് മേധാവിയാണ്. മഞ്ചേരിയില്‍ നടന്ന പരിപാടിയില്‍ മലപ്പുറം ജില്ലാ ജഡ്ജി ആയിരുന്നു മുഖ്യാതിഥി. 15ലേറെ എംഎല്‍എമാര്‍ മെക്7ന്റെ ഭാഗമാണ്. ഇതിന്റെ ഗുണഫലം മനസ്സിലാക്കി നിരവധി പ്രാദേശിക ഭരണകൂടങ്ങള്‍ മെക്7 ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ട്”- അറക്കല്‍ ബാവ പറഞ്ഞു.