25
Nov 2024
Sat
25 Nov 2024 Sat
MEC7 EXCERCISE

കോഴിക്കോട്: കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമുള്‍പ്പെടെ മലയാളികള്‍ക്കിടയില്‍ അതിവേഗം പ്രചാരം നേടുന്ന മെക് സെവന്‍(MEC7) എന്ന വ്യായാമ മുറക്കെതിരെ വിചിത്ര വാദവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍.(Mohanan Masseter alleged that Jamaat-e-Islami is and the Popular Front behind the MEC7 exercise)  ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണ് പുതിയ വ്യായാമ മുറക്ക് പിന്നിലെന്നും മതരാഷ്ട്ര വാദം ഒളിച്ചു കടത്താനുള്ള ശ്രമമാണ് ഇതെന്നും മോഹനന്‍ മാസ്റ്റര്‍ ആരോപിച്ചു. കോഴിക്കോട് ജില്ലയില്‍ നടന്ന കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തിലാണ് മോഹനന്‍ മാസ്റ്ററുടെ പരാമര്‍ശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ വ്യായാമ മുറയെന്ന പേരില്‍ കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും ചിലര്‍ സംഘടിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ അതിന് പിന്നില്‍ ഹിഡണ്‍ അജണ്ടയുണ്ടെന്ന് വ്യക്തമായെന്നുമാണ് പ്രസംഗത്തില്‍ പറയുന്നത്.

വ്യായാമ മുറക്ക് വേണ്ടി രൂപീകരിച്ച വാട്‌സാപ്പ് കൂട്ടായ്മയുടെ അഡ്മിന്‍മാരില്‍ ചിലരെ പറ്റി അന്വേഷിച്ചപ്പോള്‍ അവര്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് എന്ന വിവരം ലഭിച്ചതായി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ: ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് വാട്‌സാപ്പ് ഗ്രൂപ്പ്; ഗോപാലകൃഷ്ണന്റെ മൊബൈല്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ച് പോലീസ്

”ഇവിടിപ്പോ ഒരു പുതിയ നീക്കമുണ്ട്. കണ്ണൂരിലുണ്ടോ എന്നറിയില്ല. വ്യായാമമുറ എന്ന പേരില്‍ ആളുകളെ സംഘടിപ്പിച്ച് പരിശീലനം നടത്തുകയാണ്. ചില സഖാക്കളാണ് ഇത് സംബന്ധിച്ച് പറഞ്ഞത്. ഇതനുസരിച്ച് കക്കോടി, ബാലുശേരി എന്നിവിടങ്ങളില്‍ കാര്യമായ അന്വേഷണം നടത്തിയപ്പോഴാണ് അഡ്മിന്‍മാര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ് എന്ന വിവരം ലഭിച്ചത്. ജമാഅത്തെ ഇസ്ലാമിക്കാരാണ്
ഇവരെ എഴുന്നള്ളിച്ച് കൊണ്ടുവരുന്നത്.

പത്തു പൈസ ഫീസില്ല. ആദ്യം ഒന്നു രണ്ടുപേര്‍ പരിശീലനം നല്‍കാനായി വരും. പിന്നീട് കൂട്ടത്തിലുള്ള ആരെങ്കിലും ചെയ്താല്‍ മതി. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്ര വാദത്തിന് മറയിടാനുള്ള പരിവേഷമുണ്ടാക്കുകയാണ് ചെയ്യുന്നത്. തീവ്രവാദികളെയും കൂട്ടിയുള്ള
ഏര്‍പ്പാടാണിതെല്ലാം”- മോഹനന്‍ മാസ്റ്റര്‍ ആരോപിച്ചു.

പ്രവാസികള്‍ അടക്കുള്ള മലയാളികളില്‍ അതിവേഗം പ്രചാരം നേടുന്ന വ്യായാമ മുറയാണ് മെക്7. യോഗയും ധ്യാനവും അക്യുപ്രഷറും ഉള്‍പ്പെട്ട 7 വിഭാഗങ്ങളിലെ 21 തരം വ്യായാമ മുറയാണിത്.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി തുറക്കല്‍ സ്വദേശിയും വിമുക്ത ഭടനുമായ പെരിങ്കടക്കാട് സ്വലാഹുദ്ദീനാണ് ഇതിന് രൂപം നല്‍കിയത്. ഇരുപത് വര്‍ഷത്തോളം സൈന്യത്തില്‍ സേവനം ചെയ്തയാളാണ് സ്വലാഹൂദ്ദീന്‍.

2012 ജൂലൈയില്‍ തുറക്കലിലാണ് ഇതിന് തുടക്കം കുറിച്ചത്. പിന്നീട് 10 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കും മാറങ്ങള്‍ക്കും ശേഷം 2022 ജൂണിലാണ് രണ്ടാമത്തെ യൂനിറ്റ് തുടങ്ങുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായി നൂറുകണക്കിന് യൂനിറ്റുകള്‍ നിലവിലുണ്ട്. ജിദ്ദ, ദുബൈ, ഷാര്‍ജ, ബ്രൂണെ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും യൂനിറ്റുകളുണ്ട്. സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നു. വ്യായാമം ചെയ്യുന്നവരില്‍ ഭൂരിഭാഗവും 60 വയസ്സിന് മുകളിലുള്ളവരാണ്.

മള്‍ട്ടി എക്‌സര്‍സൈസ് കോംപിനേഷന്‍ എന്നാണ് മെക്7നെ വിളിക്കുന്നത്. എയ്‌റോബിക്, ലളിത വ്യായാമം, യോഗ, ആഴത്തിലുള്ള ശ്വസനം, അക്യുപ്രഷര്‍, ധ്യാനം, ഫെയ്‌സ് മസാജ് എന്നീ 7 ഇനങ്ങളെയാണു പേര് സൂചിപ്പിക്കുന്നത്.

ഈ ഏഴ് വിഭാഗങ്ങളിലുള്ള 21 തരം വ്യായാമ മുറകളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. എല്ലാ ജാതി മതവിഭാഗങ്ങളിലും പെട്ടവര്‍ സ്‌കൂള്‍ ഗ്രൗണ്ടുകളും പൊതുസ്ഥലങ്ങളുമൊക്കെ ഉപയോഗപ്പെടുത്തി പരസ്യമായാണ് വ്യായാമം ചെയ്യുന്നത്. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പല സ്ഥലത്തും ഈ വ്യായാമത്തില്‍ പങ്കാളികളാവുന്നുണ്ട്.

സൈനിക സേവനത്തിനിടെ താന്‍ സ്വായത്തമാക്കിയ വ്യായാമ മുറകള്‍ പൊതുജനങ്ങള്‍ക്ക് കൂടി പകര്‍ന്ന് നല്‍കുകയും അവരെ ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മുക്തമാക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് സ്വലാഹുദ്ദീന്‍ പറയുന്നു. ഏതു പ്രായക്കാര്‍ക്കും ലളിതമായി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത.