29
Mar 2023
Fri
29 Mar 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിലെ ബി.ജെ.പി എം.എൽ.എ മദൽ വിരുപാക്ഷാപ്പയുടെ മകന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആറുകോടി രൂപ കണ്ടെടുത്തു. ഇന്ന് രാവിലെയാണ് ലോകായുക്ത പരിശോധനയുണ്ടായത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് കള്ളപ്പണം പിടിച്ച സംഭവം.

നേരത്തെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എൽ.എയുടെ മകൻ അറസ്റ്റിലായിരുന്നു. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസർകൂടിയായ മകൻ പ്രശാന്ത് കുമാറിനെ കർണാടക സോപ്പ്‌സ് ആൻഡ് ഡിറ്റർജന്റ് കമ്പനിയുടെ(കെ.എസ്.ഡി.എൽ) ഓഫീസിൽവെച്ചാണ് പിടികൂടിയത്.

ഛന്നഗിരി മണ്ഡലത്തിലെ എം.എൽ.എയായ വിരുപക്ഷപ്പ കെ.എസ്.ഡി.എൽ കമ്പനിയുടെ ചെയർമാനാണ്. മൂന്ന് ഭാഗുകളിൽ നിന്നാണ് പണം കണ്ടെത്തിയത്. 2008 ബാച്ച് കർണാടക അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസറാണ് കുമാർ. കോൺട്രാക്ടറിൽ നിന്നും 81 ലക്ഷം രൂപയുടെ കൈക്കൂലി ഇയാൾ ആവശ്യപ്പെട്ടുവെന്നാണ് സൂചന.

കെ.എസ്.ഡി.എൽ ചെയർമാന് ലഭിച്ച കൈക്കൂലിയാണ് ഇതെന്നാണ് നിഗമനം. ലോകായുക്തക്ക് ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇതുസംബന്ധിച്ച പരിശോധനയുണ്ടായത്. പണം വാങ്ങിയതിൽ അച്ഛനും മകനും പങ്കുണ്ടെന്നും മുതിർന്ന ലോകായുക്ത ഓഫീസറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.