ബി.ജെ.പി നേതാവ് യോഗേഷ് ഗൗഡയുടെ കൊലപാതകത്തില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍മന്ത്രിയുമായ വിനയ് കുല്‍ക്കര്‍ണി ഉള്‍പ്പെടെ 16 പേര്‍ക്ക് ജീവപര്യന്തം തടവ്. ജനപ്രതിനിധികള്‍ പ്രതികളാവുന്ന ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
|
ജീവപര്യന്തം തടവിന് പുറമേ 16 പ്രതികള്‍ക്കും കോടതി 30,000 രൂപ വീതം പിഴയും വിധിച്ചു. കേസിലെ മറ്റൊരു പ്രതിക്ക് ഏഴ് വര്‍ഷം തടവും വിധിച്ചു. ജീവപര്യന്തം തടവുശിക്ഷ ലഭിച്ച സാഹചര്യത്തില്‍ ധാര്‍വാഡ് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കുല്‍ക്കര്‍ണി എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാകും.
ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് ശിക്ഷ വിധിച്ചത്. കുല്‍ക്കര്‍ണിക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ സാമൂഹിക- രാഷ്ട്രീയ -കുടുംബ പശ്ചാത്തലം എന്നിവ ചൂണ്ടിക്കാട്ടി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് എം.എല്‍.എയുടെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു.
2016 ജൂണ്‍ 15ന് ബി.ജെ.പി ജില്ലാ പഞ്ചായത്ത് അംഗമായ ഗൗഡയെ ധാര്‍വാഡിലെ ജിമ്മില്‍ വെച്ച് വാടകകൊലയാളികള്‍ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. അന്ന് മന്ത്രിയായിരുന്ന കുല്‍ക്കര്‍ണിയെ പ്രധാന ഗൂഢാലോചനക്കാരനായി പ്രതി ചേര്‍ത്തിരുന്നു. ജില്ലയില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ എതിരാളിയായാണ് ഗൗഡയെ കുല്‍ക്കര്‍ണി കണ്ടതെന്നും ഇതേ തുടര്‍ന്നാണ് ഗൗഡയെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നുമായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.
ശിക്ഷിക്കപ്പെട്ടവര്‍
വിനയ് കുല്‍ക്കര്‍ണിയെ കൂടാതെ താഴെ പറയുന്നവര്‍ക്കും കോടതി ജീവപര്യന്തം തടവ് വിധിച്ചു:
വിക്രം ബെല്ലാരി, കീര്‍ത്തി കുമാര്‍ ബസവരാജ് കുരഹട്ടി, സന്ദീപ് സൗദട്ടി, വിനായക കട്ടഗി, മഹാബലേശ്വര്‍ ഹൊംഗല്‍, സന്തോഷ് സൗദട്ടി, ദിനേഷ് എം., അശ്വത്, സുനില്‍, നസീര്‍ അഹമ്മദ്, ഷാനവാസ്, നൂതന്‍, ഹര്‍ഷിത്, ചന്ദ്രശേഖര്‍ ഇണ്ടി, വികാസ് കല്‍ബുര്‍ഗി.
പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി
പ്രതികളെ രക്ഷിക്കാന്‍ രേഖകളില്‍ തിരിമറി നടത്തിയതിന് പോലീസ് ഇന്‍സ്‌പെക്ടര്‍ ചന്നകേശവ ബി. തിങ്കരിക്കറിന് ഏഴ് വര്‍ഷം കഠിനതടവ് വിധിച്ചു. കൂടാതെ, കോടതിയില്‍ തെറ്റായ മൊഴി നല്‍കിയ (Perjury) പോലീസ് ഉദ്യോഗസ്ഥരായ ശിവാനന്ദ ചലവാദി, ബാബു കട്ടഗി, ശങ്കരഗൗഡ പാട്ടീല്‍ എന്നിവരടക്കം 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സിറ്റി സിവില്‍ കോടതി രജിസ്ട്രാര്‍ക്ക് പ്രത്യേക കോടതി നിര്‍ദ്ദേശം നല്‍കി.
സംശയത്തിന്റെ ആനുകൂല്യം നല്‍കി വാസുദേവ രാമ നിലേക്കനി, സോമശേഖര്‍ ബസപ്പ ന്യാമഗൗഡ എന്നിവരെ കോടതി വെറുതെ വിട്ടു.
കേസില്‍ മാപ്പുസാക്ഷിയായ ബസവരാജ് മുട്ടഗി പ്രോസിക്യൂഷനെ സഹായിച്ചതിനാല്‍ അദ്ദേഹത്തിന് നല്‍കിയ മാപ്പ് കോടതി സ്ഥിരീകരിച്ചു. എന്നാല്‍, കൂറുമാറിയ മറ്റൊരു മാപ്പുസാക്ഷി ശിവാനന്ദ് ബിരാദറിനെതിരെ നടപടി സ്വീകരിക്കാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കി.
പ്രാദേശിക പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തുകൊണ്ട് തുടങ്ങിയ ഈ കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയും വിനയ് കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ള ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരികയുമായിരുന്നു.




