സ്‌കൂളുകള്‍, കോളജുകള്‍ അടക്കമുള്ള പൊതു ഇടങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാനുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗേ അയച്ച ശുപാര്‍ശയില്‍ മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി.
|
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനായ പ്രിയങ്ക് ഖാര്‍ഗെ ഒക്ടോബര്‍ നാലിനാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ പൊതു ഇടങ്ങളില്‍ വിലക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഇതിന്‍മേല്‍ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി കത്ത് ചീഫ് സെക്രട്ടറി മുമ്പാകെ കൈമാറുകയും ചെയ്തു.
ആര്‍എസ്എസ് രാജ്യത്തിന്റെ ഐക്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും കുറിച്ച് കുട്ടികളുടെയും യുവാക്കളുടെയും മനസ്സില്‍ മോശം വികാരങ്ങളാണ് കുത്തിവയ്ക്കുന്നതെന്നും പ്രിയങ്ക് ഖാര്‍ഗെ കുറ്റപ്പെടുത്തുന്നു. ആര്‍എസ്എസിന്റെ ആശയ പ്രചാരണങ്ങളുടെ സ്വാധീനമാണ് ചീഫ് ജസ്റ്റിസിനെതിരേ ഷൂ എറിയാനും ബാബാ സാഹേബ് അംബേദ്കറെ അവഹേളിക്കാനുമുള്ള മനസ്ഥിതി വളര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പ്രിയങ്ക് ഖാര്‍ഖെക്കെതിരേ ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര രംഗത്തുവന്നു. ആര്‍എസ്എസ് രാജ്യത്തിന് നല്‍കിയ സംഭാവനങ്ങള്‍ പ്രിയങ്ക് ഖാര്‍ഗെക്ക് അറിയില്ലെന്നും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു സംഘടനയെ അംഗീകരിച്ചിട്ടുണ്ടെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആര്‍എസ്എസിനെ നിരോധിച്ചിട്ടുണ്ടെങ്കിലും അതു പിന്‍വലിക്കപ്പെട്ടു. 1963ല്‍ റിപബ്ലിക് പരേഡില്‍ പങ്കെടുക്കാനും ആര്‍എസ്എസിന് അനുമതി നല്‍കിയിരുന്നുവെന്നും വിജയേന്ദ്ര പറയുന്നു.
ALSO READ:സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി 23കാരി; ചുമതല മലപ്പുറം ജില്ലയില്‍


