17
Jul 2025
Thu
17 Jul 2025 Thu
VEERAMALA KUNNU

”ഒന്നും ആലോചിക്കാനുള്ള നേരം ഉണ്ടായിരുന്നില്ല. (Kasaragod Veeramalakkunnu landslide) കാര്‍ വശത്തേക്ക് തിരിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും കാറിന് മുകളിലേക്ക് മണ്ണെത്തിയിരുന്നു. ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി. രക്ഷകരായി രണ്ടു പേരുടെ കൈകളെത്തി. പിന്നീട് ഹോട്ടലിലെ ഇരിപ്പിടത്തിലാണെന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്”- കാസറഗോഡ് ചെറുവത്തൂര്‍ ദേശീയപാതയില്‍ വീരമലക്കുന്നില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കാര്‍യാത്രക്കാരിയായ പടന്നക്കാട് എസ് എന്‍ ടിടിഐ അധ്യാപിക കെ.സിന്ധു ഭീതിയോടെ ഓര്‍ക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത് പറയുമ്പോള്‍ പേടി കാരണം വിറയ്ക്കുന്നുണ്ടായിരുന്നു. രാവിലെ ഒന്‍പതരയോടെയാണ് കാഞ്ഞങ്ങാട്ടെ വീട്ടില്‍ നിന്നിറങ്ങിയത്. കൊടക്കാട് ഗവ. വെല്‍ഫേര്‍ യുപി സ്‌കൂളിലേക്ക് ഔദ്യോഗികാവശ്യത്തിനാണ് സ്വന്തം കാറില്‍ പുറപ്പെട്ടത്. പത്തേകാലോടെയാണ് വീരമലക്കുന്നിനടുത്തെത്തിയത്.

കുന്നിടിഞ്ഞ് വന്ന മണ്ണ് കാറിനെ തള്ളി വശത്തേക്ക് നീക്കി. അല്പംകൂടി നിങ്ങിയാല്‍ കുഴിയിലേക്ക് വീഴുമായിരുന്നു. മണ്ണ് കാറിന് മുകളിലേക്ക് വീണിരുന്നുവെങ്കില്‍…ഓര്‍ക്കാന്‍കൂടി വയ്യ. മറ്റൊരു ഷിരൂര്‍ ആകുമായിരുന്നു.

ALSO READ: കുഴിച്ചുമൂടപ്പെട്ടതില്‍ സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടിയും; നുണപരിശോധനയ്ക്ക് തയ്യാര്‍; ധര്‍മസ്ഥലയിലെ കൊലപാതകങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ തൊഴിലാളിയുടെ മൊഴി പുറത്ത്

മലയിടിയുന്നതും കാറ് അപകടത്തില്‍പ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ട തൊട്ടടുത്തുള്ള ഹോട്ടല്‍ ഉടമ അരവിന്ദന്‍ മയ്യിച്ചയും തൊഴിലാളി രൂപേഷും ഓടിച്ചെന്ന് ഇവരെ രക്ഷപ്പെടുത്തി ഹോട്ടലിലെത്തിക്കുകയായിരുന്നു.

എം. രാജഗോപാലന്‍ എംഎല്‍എ. കളക്ടര്‍ കെ.ഇമ്പശേഖര്‍ തുടങ്ങിയവര്‍ സ്ഥലത്തെ ആശ്വസിപ്പിച്ചു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് വി.ഹരീഷും സുഹൃത്തുക്കളുമെത്തിയതോടെയാണ് സി ന്ധുവിന്ആശ്വാസമായത്

അശാസ്ത്രീയമായ മണ്ണെടുപ്പെന്ന് എംഎല്‍എ
വീരമലക്കുന്ന് ഉള്‍പ്പെടെ ജില്ലയിലെ ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് കട്ട് ചെയ്ത മുഴുവന്‍ പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ തന്നെ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുള്ളതാണെന്ന് തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലന്‍ പറഞ്ഞു.

വീരമലക്കുന്ന് മണ്ണിടിച്ചല്‍ ഉണ്ടായ സാഹചര്യത്തില്‍ കേരള പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യം അറിയിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ദേശീയപാത അതോറിറ്റിയുടെ ഉന്നതതല അധികൃതരെ പങ്കെടുപ്പിച്ച് അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നും, കരാര്‍ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാവാത്തത് നീതീകരിക്കത്തതല്ല.

പലതവണ ബന്ധപ്പെട്ടിട്ടും അശാസ്ത്രീയമായ മണ്ണെടുപ്പ് തുടരുന്ന സ്ഥിതിയാണ് ഉണ്ടായത്. നിരവധി തവണ ജില്ലാ വികസന സമിതിയില്‍ കരാര്‍ കമ്പനിയുടെ സാന്നിധ്യത്തില്‍ തന്നെ ഈ പ്രശ്‌നം ചര്‍ച്ച ചെയ്തതാണ്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ജില്ലാ ഭരണകൂടവും പ്രസ്തുത വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ ഉണ്ടായില്ലെന്നും എംഎല്‍എ പറഞ്ഞു.