മൂന്നുവർഷം മുമ്പ് മോദി സർക്കാർ പിൻവലിച്ച സംസ്ഥാനത്തിന്റെ പ്രത്യേകപദവി തിരിച്ചുകിട്ടാൻ പോവുന്നില്ലെന്ന് കശ്മീരികളോട് കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്താനിരിക്കെയാണ് ബാരാമുല്ലയിൽ നടന്ന ചടങ്ങിൽ ഇക്കാര്യം പറഞ്ഞത്.
|
കശ്മീരി പാർട്ടികൾ ആർട്ടിക്കിൾ 370 കശ്മീരിൽ പുനസ്ഥാപിക്കുമെന്ന് കപടവാഗ്ദാനം നൽകുകയാണെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. ഗുലാം നബി ആസാദ് ആരെയും വഴിതെറ്റിക്കില്ല. വോട്ടിനുവേണ്ടി നിങ്ങളെ ചൂഷണം ചെയ്യുകയുമില്ല. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെങ്കിൽ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ഓരോ തിരഞ്ഞെടുപ്പിലും കോൺഗ്രസ് താഴോട്ട് പൊയ്ക്കോണ്ടിരിക്കുകയാണ്. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാൻ രാജ്യത്തെ ഒരു പാർട്ടിക്കും പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കില്ലെന്നും ഗുലാം നബി പറയുന്നു. പത്തുദിവസത്തിനുള്ളിൽ തന്റെ പുതിയ പാർട്ടിക്ക് തുടക്കംകുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ചൂഷണം കശ്മീരിൽ ഒരുലക്ഷം പേരുടെ മരണത്തിനും അഞ്ചുലക്ഷം കുട്ടികളെ അനാഥരാക്കുകയും ചെയ്തുവെന്നും ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.



