21
Nov 2024
Fri
21 Nov 2024 Fri
Kerala beats Mumbai by 43 runs in Syed Ali Mushtaq trophy

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കരുത്തരായ മുംബൈയെ തോല്‍പ്പിച്ച് കേരളം. 43 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് എടുക്കാനായത്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത സഞ്ജുവിനെ ശാര്‍ദ്ദൂല്‍ ഥാക്കൂര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ മുഹമ്മദ് അസറുദ്ദീനും അധികം പിടിച്ചുനില്ക്കാനായില്ല. 13 റണ്‍സെടുത്ത അസറുദ്ദീനെ മോഹിത് ആവസ്തിയാണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബി പരിക്കേറ്റ് മടങ്ങിയതും കേരളത്തിന് തിരിച്ചടിയായി.

തുടര്‍ന്ന് രോഹന്‍ കുന്നുമ്മലും സല്‍മാന്‍ നിസാറും ചേര്‍ന്നുള്ള 140 റണ്‍സ് കൂട്ടുകെട്ടാണ് കേരളത്തെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മുംബൈ ബൌളര്‍മാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു. 48 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സും അടക്കം 87 റണ്‍സാണ് രോഹന്‍ നേടിയത്. 18-ാം ഓവറില്‍ രോഹന്‍ മടങ്ങിയെങ്കിലും കൂറ്റന്‍ ഷോട്ടുകളുമായി കളി തുടര്‍ന്ന സല്‍മാന്‍ നിസാറിന് ഒരു റണ്‍സിനാണ് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായത്. 99 റണ്‍സുമായി സല്‍മാന്‍ നിസാര്‍ പുറത്താകാതെ നിന്നു. 49 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു സല്‍മാന്റെ ഇന്നിങ്‌സ്. മുംബൈയ്ക്ക് വേണ്ടി മോഹിത് ആവസ്തി നാല് വിക്കറ്റ് വീഴ്ത്തി. ട്വന്റി 20യില്‍ മുംബൈയ്‌ക്കെതിരെ കേരളത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് ഹൈദരാബാദില്‍ കുറിക്കപ്പെട്ടത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് ബാറ്റര്‍മാര്‍ അതിവേഗത്തിലുള്ള തുടക്കം തന്നെ നല്കി. പക്ഷെ മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാകാതിരുന്നത് മുംബൈയ്ക്ക് തിരിച്ചടിയായി. 23 റണ്‍സെടുത്ത പൃഥ്വീ ഷായുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഷായെ പുറത്താക്കിയ നിധീഷ് തന്നെ അംഗ്രിഷ് രഘുവന്‍ഷിയെയും മടക്കി. ശ്രേയസ് അയ്യരും അജിന്‍ക്യ രഹാനെയും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റില്‍ 42 റണ്‍സ് പിറന്നു. എന്നാല്‍ 32 റണ്‍സെടുത്ത ശ്രേയസിനെ അബ്ദുള്‍ ബാസിദ് പുറത്താക്കിയതോടെ ഒരറ്റത്ത് വിക്കറ്റുകള്‍ മുറയ്ക്ക് വീണു.20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. 68 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദ്ദിക് തമോറെ 23 റണ്‍സെടുത്തു. നാല് വിക്കറ്റുമായി എം ഡി നിധീഷാണ് കേരള ബൌളിങ് നിരയില്‍ തിളങ്ങിയത്. വിനോദ് കുമാറും അബ്ദുള്‍ ബാസിദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 99 റണ്‍സ് എടുത്ത സല്‍മാന്‍ നിസാര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്.