തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകള്‍ക്ക് നാളെ അവധി ആയിരിക്കും. ഡിസംബര്‍ 9 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഡിസംബര്‍ 11 ന് ആണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
|
നാളെ 7 ജില്ലകള്‍ വിധി കുറിക്കും
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ നാളെ പോളിംഗ് ബൂത്തിലെത്തും. ഇന്ന് നിശബ്ദ പ്രചാരണ ദിവസം അവസാന വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ഥികളും നേതാക്കളും. തെക്കന്‍ ജില്ലകളില്‍ മുമ്പെങ്ങും കാണാത്തവിധം പ്രചാരണത്തില്‍ ആളും ആരവവും ആവേശവും പ്രകടമായിരുന്നു. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടും അധികാരം തിരിച്ചു പിടിക്കാനും അട്ടിമറിക്കാനുമായി സ്ഥാനാര്‍ഥികളും മുന്നണികളും കളം നിറഞ്ഞതോടെ ഗോദയില്‍ വികസനം മുതല്‍ അഴിമതി വരെ ചര്‍ച്ചയായി.
രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ വോട്ടെടുപ്പ്
രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ് സമയം. ഇന്ന് രാവിലെ 9 മണി മുതല്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പടെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാര്‍ഡുകളിലേയ്ക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. 36,630 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
1.32 കോടിയലധികം വോട്ടര്‍മാര്‍ക്കായി 15432 പോളിങ് സ്റ്റേഷനുകളുണ്ട്. 480 പ്രശ്‌ന ബാധിത ബൂത്തുകളുണ്ടെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക്. ഇവിടങ്ങളില്‍ പ്രത്യേക പൊലീസ് സുരക്ഷയും വെബ് കാസ്റ്റിങ്ങും വീഡിയോ ഗ്രാഫിയും ഉണ്ടാകും.


