|
മലപ്പുറം: മുജാഹിദുകൾക്കും ഇ.കെ സുന്നികൾക്കും പിന്നാലെ ആദർശ സമ്മേളനവുമായി എ.പി സുന്നികളും. കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന സമസ്തയുടെ പോഷകസംഘടനയായ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന സമ്മേളനം നാളെ മലപ്പുറത്ത് നടക്കും. നേരത്തെ മുജാഹിദുകളും ഇ.കെ സമസ്തയും കോഴിക്കോട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്.
മലപ്പുറം വലിയങ്ങാടിയിൽ വൈകീട്ട് 4.30ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യും. ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. തുടർന്ന് പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ സംസാരിക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ (എ.പി വിഭാഗം) നേതൃത്വത്തിൽ നടന്നുവരുന്ന ആദർശപ്രചാരണത്തിന്റെ തുടർച്ചയായാണ് സമ്മേളനമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ ഉന്നയിച്ച ചില വിഷയങ്ങൾക്കുള്ള വിശദീകരണവും സമ്മേളനത്തിലുണ്ടാകും. മുജാഹിദ് സമ്മേളനത്തിനുള്ള മറുപടിയായി പരിപാടിയെ കാണാമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഭാരവാഹികൾ പറഞ്ഞു.
സലഫിസവും രാഷ്ട്രീയ ഇസ്ലാമും ഉൾപ്പെടെ വർഗീയതക്കും തീവ്രവാദത്തിനും വഴിവെക്കുന്ന ആശയധാരകൾക്കെതിരെ നേരായ ദിശയിലുള്ള പ്രബോധന പ്രവർത്തനങ്ങൾ കൊണ്ടാണ് കേരള മുസ്ലിം സമുദായത്തെ സമസ്തയുടെ സമുന്നത നേതൃത്വം സംരക്ഷിച്ചത്. ഇസ്ലാമിന്റെ ആശയാദർശങ്ങളിലേക്ക് കടന്നുകയറി ലോകത്തെ ഭൂരിഭാഗം പരമ്പരാഗത മുസ്ലിംകളെയും മതത്തിന് പുറത്തുനിർത്താനുള്ള സലഫിസത്തിന്റെ നിരന്തരമായ നീക്കങ്ങളും തൗഹീദിനും തിരുനബി ചര്യകൾക്കും വിരുദ്ധമായ പ്രവണതകളും ഇസ്ലാമിക സംസ്‌കൃതികളെയും ആചാരങ്ങളെയും വികലമാക്കാനുള്ള സലഫീശ്രമങ്ങളെയും സമസ്ത പ്രതിരോധിച്ചു. മുസ്‌ലിം ജമാഅത്തിന് രാഷ്ട്രീയ നിലപാടുകൾ ഉണ്ട്. മതസംഘടനയുടെ പരിധിയിൽ നിന്നുകൊണ്ടാണ് രാഷ്ട്രീയ നിലപാടുകൾ എടുക്കുകയെന്നും അവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പൊന്മള മൊയ്തീൻകുട്ടി ബാഖവി, സിപി സെയ്തലവി മാസ്റ്റർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പിഎം മുസ്തഫ കോഡൂർ എന്നിവർ പങ്കെടുത്തു.



