സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ രസവും അച്ചാറും നല്‍കി അത് കറിയാണെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാരിന്റെ സര്‍ക്കുലര്‍. (Kerala school lunch funding concern) ദിവസവും രണ്ടുതരം കറികള്‍ വേണം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം. കൂടാതെ ആഴ്ചയില്‍ ഒരുദിവസം മുട്ടയും പാലും നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
|
എന്നാല്‍, ആവശ്യത്തിന് പണം നല്‍കാതെ ഇത് എങ്ങിനെ നടപ്പാക്കുമെന്നാണ് അധ്യാപകരുടെ ചോദ്യം. എല്‍.പി. വിഭാഗത്തിലെ കുട്ടികള്‍ക്ക് ഒരാള്‍ക്ക് ആറു രൂപയും യു.പി. വിഭാഗത്തില്‍ 8.17 രൂപയുമാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണത്തിനായി അനുവദിക്കുന്നത്. എല്‍.പി. വിഭാഗത്തിലെ കുട്ടികള്‍ക്ക് ഭക്ഷണത്തിന് ശരാശരി എട്ടുരൂപയെങ്കിലും വേണമെന്നതാണ് നിലവിലെ സ്ഥിതി.
അനുവദിക്കപ്പെട്ട പണം തന്നെ വൈകിയാണ് കിട്ടുന്നത്. അധ്യാപകര്‍ കൈയില്‍നിന്ന് മുന്‍കൂറായി പണമെടുത്താണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത്. ഈ തുക മൂന്നുമാസം കുടിശ്ശികയാണ്. സാമ്പാര്‍, അല്ലെങ്കില്‍ മോരുകറി, തോരന്‍ അല്ലെങ്കില്‍ അവിയല്‍ എന്നിങ്ങനെയാണ് സാധാരണ നല്‍കുന്നത്.
ചില ദിവസങ്ങളില്‍ കടല, പയര്‍ എന്നിവയും ഉള്‍പ്പെടുത്തും. ആഴ്ചയിലൊരിക്കല്‍ നല്‍കുന്ന കോഴിമുട്ടയ്ക്ക് ആറു രൂപയാകും. ഒരു ഗ്ലാസ് പാലിന് മൂന്ന്-നാലു രൂപ കണക്കാക്കണം.
ഉച്ച ഭക്ഷണത്തിനുള്ള തുക കൂട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്‌കൂള്‍ പിടിഎകള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.


