ചെന്നൈ: സിനിമ കാണാന്‍ തിയേറ്ററില്‍ ആളില്ലാത്തതിനാലാണ് ‘കേരള സ്റ്റോറി’യുടെ പ്രദര്‍ശനം നിര്‍ത്തിയതെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. അഭിനേതാക്കളുടെ മോശം പ്രകടനം കാരണമാണ് സിനിമയ്ക്ക് സ്വീകാര്യത ലഭിക്കാതെ പോയെന്നും മേയ് ഏഴു മുതല്‍ തിയേറ്റര്‍ ഉടമകള്‍ പ്രദര്‍ശനം സ്വമേധയാ നിര്‍ത്തുകയായിരുന്നുവെന്നും തമിഴ്നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
|
സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രദര്‍ശനത്തിനു തയ്യാറായ തിയറ്ററുകള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സിനിമയ്‌ക്ക് വിലക്ക് ഉണ്ടെന്ന് ആരോപിച്ച് അണിയറ പ്രവര്‍ത്തകർ നൽകിയ ഹരജിക്ക് മറുപടി നല്‍കുകയായിരുന്നു തമിഴ്നാട്.
കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്നു. സിനിമ കാണാന്‍ ആളില്ല, ക്രമസമാധാന പ്രശ്നം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നാം തമിഴര്‍ കച്ചിയുടെ (എന്‍ടികെ) നേതൃത്വത്തില്‍ ചെന്നൈയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സീമന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇതിനിടെ, കേരള സ്റ്റോറിക്ക് മുഖ്യമന്ത്രി മമത ബാനർജി പശ്ചിമബംഗാളിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ, ബംഗാൾ സർക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ചിത്രം പ്രദർശനം നടത്തുന്നുണ്ടെന്നും ബംഗാളിൽ നിരോധിക്കുന്നതിന് ഒരു കാരണവുമില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.
മേയ് അഞ്ചിനാണ് കേരള സ്റ്റോറി തിയേറ്ററുകളിൽ എത്തിയത്. സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്‍റെ ട്രെയിലറിനെതിരെ വ്യാപക പ്രതിഷേധമാണുണ്ടായത്. കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം ചെയ്ത് ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്നായിരുന്നു സിനിമയിലെ വിദ്വേഷ-വ്യാജ പ്രചരണം.
തീവ്രവാദ സംഘടനയായ ഐഎസിലേക്ക് ഇത്തരത്തിൽ 32,000 പെൺകുട്ടികളെ കടത്തി കൊണ്ടുപോയിട്ടുണ്ട് എന്നാണ് സിനിമയുടെ ട്രെയിലറിൽ ആരോപിച്ചത്. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.





