06
Mar 2024
Sat
06 Mar 2024 Sat
kerala veterinary university vc suspended by governor over death of sidharth

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം ആര്‍ ശശീന്ദ്രനാഥിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വൈസ് ചാന്‍സലറെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.(kerala veterinary university vc suspended by governor over death of sidharth)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിദ്ധാര്‍ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നല്‍കിയതായും ഗവര്‍ണര്‍ വ്യക്തമാക്കി. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ഹൈക്കോടതിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. കാംപസില്‍ എസ്എഫ്‌ഐ-പോപുലര്‍ ഫ്രണ്ട് കൂട്ടുകെട്ടാണെന്ന് ആരോപിച്ച ഗവര്‍ണര്‍ എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്‌ഐ ഓഫിസാക്കുകയാണെന്നും പറഞ്ഞു.

ഫെബ്രുവരി 14ന് സഹപാഠിയോട് ഇഷ്ടംതുറന്നുപറഞ്ഞതിനെ തുടര്‍ന്നാണ് എസ്എഫ്‌ഐ യൂനിറ്റ് ഭാരവാഹികളും കോളജ് യൂനിയന്‍ ഭാരവാഹികളും അടക്കമുള്ള സീനിയര്‍ വിദ്യാര്‍ഥികള്‍ സിദ്ധാര്‍ഥിനെ മൂന്നുദിവസം തുടര്‍ച്ചയായി മര്‍ദ്ദിച്ചത്. കാംപസിലെ മര്‍ദ്ദനം പിന്നീട് ഹോസ്റ്റലിലേക്കും നീണ്ടിരുന്നു. ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ നഗ്നനാക്കി ഇരുത്തി രണ്ട് ബെല്‍റ്റുകള്‍ മുറിയുന്നതു വരെയും പിന്നീട് ഇരുമ്പ് കമ്പിക്കും വയറിനും സംഘം മര്‍ദ്ദനം തുടര്‍ന്നു. മൂന്നുദിവസത്തെ തുടര്‍മര്‍ദ്ദനത്തിനു ശേഷം ഫെബ്രുവരി 18ന് സിദ്ധാര്‍ഥനെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ഥി മൂന്നുദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.

ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദ്ദനത്തിനും സിദ്ധാര്‍ഥ് ഇരയായിട്ടും ഡീന്‍ അടക്കമുള്ളവര്‍ ഈ വിവരം തങ്ങള്‍ അറിഞ്ഞില്ലെന്നാണ് വീട്ടുകാരെ അറിയിച്ചത്. സിദ്ധാര്‍ഥിന്റെ മരണശേഷം ചിലര്‍ചേര്‍ന്ന് സിദ്ധാര്‍ഥ് മരിക്കുന്നതിനു മുമ്പ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി വ്യാജ പരാതി നല്‍കുകയുമുണ്ടായി. ഈ പരാതി ഫയലില്‍ സ്വീകരിച്ച കോളജ് അധികൃതര്‍ ഇതിന്‍മേല്‍ റിപോര്‍ട്ടും തയ്യാറാക്കുകയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതികള്‍ അറസ്റ്റിലായിക്കൊണ്ടിരിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക