25
Jul 2024
Tue
25 Jul 2024 Tue
Kerala Rains Today Live Updates: IMD’s ‘orange’ alert

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് ഇന്നും നാളെയും കേരളത്തില്‍ മഴ കനക്കും. (Kerala weather update: Heavy rain due to MJO ) ആഗോള മഴപ്പാത്തിയായ എംജെഒ (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍) കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നു പടിഞ്ഞാറന്‍ പസിഫിക് സമുദ്രത്തിലേക്കു നീങ്ങുന്നതാണു മഴയ്ക്കു കാരണം. മേഘങ്ങള്‍ കൂട്ടമായി ഭൂമധ്യരേഖയ്ക്കു കുറുകെ നീങ്ങുന്നതാണ് എംജെഒ പ്രതിഭാസം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. അടുത്ത മണിക്കൂറുകളില്‍ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

എംജെഒ സ്വാധീനത്താല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദങ്ങളും രൂപംകൊണ്ടേക്കും. കേരളത്തില്‍ അടുത്ത 5 ദിവസം ഇടത്തരം മഴയ്‌ക്കോ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്‌ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

പല സ്ഥലങ്ങളിലും 9 സെ.മീവരെ മഴ
കണ്ണൂര്‍, കുമരകം, പിണറായി ഭാഗങ്ങളില്‍ ഒമ്പത് സെ.മീ.യും മൂന്നാര്‍, ചെറുവാഞ്ചേരി (കണ്ണൂര്‍) എട്ട് സെ.മീ.യും കോട്ടയം, ചേര്‍ത്തല, വൈക്കം, പീരുമേട്, തലശ്ശേരി, ഹോസ്ദുര്‍ഗ്(കാസര്‍കോട്) വടവാതൂര്‍, മലമ്പുഴ, മുണ്ടേരി എന്നിവിടങ്ങളില്‍ ഏഴ് സെ.മീ.യും മഴ രേഖപ്പെടുത്തി. പല ജില്ലകളില്‍ വീടുകള്‍ ഇടിഞ്ഞു. ശക്തമായ കാറ്റില്‍ പലയിടങ്ങളിലും ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീഴുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു.

നാശം വിതച്ച് മഴയും കാറ്റും

പലയിടത്തും വാഹനങ്ങള്‍ക്ക് മുകളില്‍ തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു. താണ പ്രദേശങ്ങളില്‍ വെള്ളം കയറി വാഹനഗതാഗതവും തടസപ്പെട്ടു. എല്ലാ ജില്ലയിലും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ പുഴയില്‍ ഒഴുകിവരുന്ന തേങ്ങ ശേഖരിക്കാന്‍ പോയ നാല് പേരില്‍ ഒരാള്‍ പുഴയില്‍ വീണ് ഒലിച്ചുപോയി. അയിലൂര്‍ മുതുകുന്നിപുത്തന്‍ വീട്ടില്‍ രാധയുടെ മകന്‍ രാജേഷ് (42) ആണ് ഒഴുകി പോയത്. തിങ്കളാഴ്ച ഉച്ചക്ക് 1.45ൃന് ചിനാമ്പുഴയിലെ മുതുകുന്നി ഭാഗത്താണ് സംഭവം.

കോട്ടയം കുമരകം ചേര്‍ത്തല പാതയില്‍ ബണ്ട് റോഡില്‍ ഓടിക്കൊണ്ടിരുന്ന 2 കാറുകള്‍ക്കു മുകളിലേക്കു മരം വീണു. ആളപായമില്ല. ഇടുക്കി ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ യാത്ര നിരോധിച്ചു. ചപ്പാത്ത്കട്ടപ്പന റോഡില്‍ ആലടി ഭാഗത്ത് പഴയ കല്‍ക്കെട്ട് ഇടിഞ്ഞു റോഡ് അപകടാവസ്ഥയിലായതിനാല്‍ ഗതാഗതം നിരോധിച്ചു.

കൊല്ലത്ത്, സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസിനു മുകളിലേക്കു കടപുഴകി വീണ മരത്തിന്റെ ചില്ലകള്‍ പതിച്ചു. കുട്ടികള്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. മങ്ങാട് ഗവ. എച്ച് എസ്എസ് വളപ്പിലെ കൂറ്റന്‍ മരമാണ് കടപുഴകിയത്. കനത്ത ജലപാതത്തെത്തുടര്‍ന്ന് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടം, ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം തടഞ്ഞു.

ആലപ്പുഴ ജില്ലയില്‍ 31 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നഗരത്തില്‍ മട്ടാഞ്ചേരി പാലത്തിനു സമീപം രാവിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു ദമ്പതികള്‍ക്കു പരുക്കേറ്റു. സ്‌കൂട്ടറില്‍ വരികയായിരുന്ന ആറാട്ടുവഴി മൈഥിലി ജംക്ഷനില്‍ ഷിയാദ് മന്‍സിലില്‍ ഉനൈസ് (30), ഭാര്യ അലീന (28) എന്നിവര്‍ മഴയെത്തുടര്‍ന്ന് വഴിയോരത്തു നില്‍ക്കുമ്പോഴാണു മരക്കൊമ്പ് വീണത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിലാണ്. ഉനൈസിന്റെ നില ഗുരുതരമാണ്.