|
ന്യൂഡൽഹി: കേരളത്തിലെ തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സാബു സ്റ്റീഫൻ എന്നയാളാണ് അഭിഭാഷകൻ വി കെ ബിജു മുഖേന ഹരജി സമർപ്പിച്ചത്.
കേസ് ഈ മാസം 26ന് പരിഗണിക്കുമെന്നാണ് കോടതി സൂചിപ്പിച്ചിരുന്നത്. എന്നാൽ പത്തനംതിട്ടയിൽ നായയുടെ കടിയേറ്റ 12കാരി അഭിരാമി പേവിഷബാധാ വാക്സിൻ എടുത്തിട്ടും മരിച്ചതടക്കം ചൂണ്ടിക്കാട്ടി അഭിഭാഷകൻ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സുപ്രിംകോടതിയുടെ പരിഗണനയിൽ നേരത്തെയുള്ള കേസിൽ കേരളത്തിലെ നിലവിലത്തെ സാഹചര്യം ഹരജിക്കാരൻ അറിയിക്കുകയും ചെയ്തിരുന്നു.
കേരളത്തില്‍ ഓഗസ്റ്റിൽ മാത്രം എട്ടു പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിൽ രണ്ടു പേർ പ്രതിരോധ വാക്സിൻ എടുത്തവരാണ്.
പ്രതിരോധ വാക്സീന്റെ ഫലപ്രാപ്തിയെ കുറിച്ച് പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിലവിൽ ഒരു സമിതിയെ രൂപീകരിച്ചുണ്ട്. കേരളത്തിൽ കഴിഞ്ഞദിവസങ്ങളിൽ 12 പേരെ തെരുവുനായ ആക്രമിച്ചിരുന്നു.



