ദുബയ്: പ്രവാസികളായ മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാനായി കേരളത്തിന് സ്വന്തമായി ഒരു വിമാനക്കമ്പനി എന്ന ആശയവുമായി പ്രവാസി മലയാളി. ദുബയിലെ സ്മാര്‍ട്ട് ട്രാവല്‍ ഏജന്‍സി ചെയര്‍മാന്‍ അഫി അഹമ്മദാണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തു വന്നിരിക്കുന്നത്. ഇതിനായി ‘എയര്‍ കേരള ഡോട്ട്കോം’ എന്ന ഡൊമൈന്‍ വലിയ തുക നല്‍കി അദ്ദേഹം സ്വന്തമാക്കി. 2000-ല്‍ മറ്റൊരു കമ്പനി രജിസ്റ്റര്‍ ചെയ്ത് വച്ചിരുന്ന ഡൊമൈനാണ് ഒരു മില്യന്‍ ദിര്‍ഹം നല്‍കി അഫി അഹമ്മദ് സ്വന്തമാക്കിയിരിക്കുന്നത്.
|
ആദ്യഘട്ടത്തില്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റുകള്‍ നല്‍കുകയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ചാര്‍ട്ടര്‍ വിമാനങ്ങളിലേക്കും സ്വന്തമായ വിമാന അന്താരാഷ്ട്ര വിമാന സര്‍വീസുകളും എന്ന ലക്ഷ്യത്തോടെയാണ് ഡൊമൈന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ വിമാനക്കമ്പനി തുടങ്ങാന്‍ സന്നദ്ധമാണെങ്കില്‍ ഈ ഡൊമൈന്‍ സര്‍ക്കാരിന് നല്‍കാന്‍ തയ്യാറാണെന്നും അഫി അഹമ്മദ് ദുബയില്‍ പറഞ്ഞു.
സാധാരണക്കാരായ ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ വ്യവസായ പ്രമുഖരുടെ പിന്‍ബലത്തില്‍ കേരളത്തിന് സ്വന്തമായി ഒരു വിമാനക്കമ്പനി എന്നതാണ് മുഖ്യ ലക്ഷ്യം. ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസകരമായ രീതിയില്‍ വിമാനസര്‍വീസ് സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. തുടര്‍ നടപടികളുടെ ഭാഗമായി വിവിധ വിമാനക്കമ്പനികളില്‍ ജോലി ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥന്മാരുടെ ഒരു പാനലും തയാറാക്കിയിട്ടുണ്ട്. സാധ്യതാപഠനങ്ങള്‍ക്കായി തയ്യാറാക്കാന്‍ ഒരു അന്തര്‍ദേശീയ കമ്പനിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
യുഎയിലെ പ്രമുഖ എയര്‍പോര്‍ട്ടുകളും കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകളും ഉപയോഗിച്ചുകൊണ്ട് വളരെ ചിലവ് കുറഞ്ഞ യാത്ര വിമാനങ്ങള്‍ ഒരുക്കുക സാധ്യമാണ്. കമ്പനി രജിസ്‌ട്രേഷനും അതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 1971 എന്ന ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘എക്സിക്യൂട്ടീവ് ബാച്ചിലേര്‍സ് ഡോട്ട് കോം’ എന്ന ഡൊമൈന്‍ സെല്ലിങ് പോര്‍ട്ടലാണ് യുഎഇയിലെ ഏറ്റവും വലിയ തുകയ്ക്ക് -എയര്‍ കേരള ഡോട്ട് കോം-സ്മാര്‍ട്ട് ട്രാവല്‍സിന്‍െ പേരിലേക്ക് കൈമാറ്റം ചെയ്തത്.
ആഭ്യന്തര വ്യോമയാന രംഗത്തെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടെങ്കിലേ അന്താരാഷ്ട്രതലത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിക്കൂ എന്ന നിയമം മാറ്റിയിട്ടുണ്ട്. 20 വിമാനങ്ങള്‍ ഉള്ളവര്‍ക്ക് അന്താരാഷ്ട്ര സര്‍വീസിന് അനുമതി നല്‍കുന്ന പുതിയ തീരുമാനം നിലവില്‍ വന്ന സ്ഥിതിക്ക് കേരളത്തിന് സ്വന്തമായി വിമാന സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിനും സ്വകാര്യ കമ്പനികള്‍ക്കും എളുപ്പമാണ്. സ്മാര്‍ട്ട് ട്രാവല്‍സ് ഫൗണ്ടര്‍ അഫി അഹമ്മദ്, ജനറല്‍ മാനേജര്‍ സഫീര്‍ മഹമൂദ്, 1971 പാര്‍ട്ണര്‍ മുഹമ്മദ് അല്‍ അലി, എക്സിക്യൂട്ടീവ് ബാച്ചിലേഴ്‌സ് ക്രിയേറ്റീവ് ഡയറക്ടര്‍ ശ്രീശന്‍ മേനോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.





