02
May 2023
Thu
02 May 2023 Thu

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി. കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. അർജുൻ റാം മേഘ്‌വാളിനാണ് പകരം ചുമതല. കിരണിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നൽകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുപാർശ അനുസരിച്ചാണ് മാറ്റം. രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് നീക്കം. രാജസ്ഥാനിൽ നിന്നുള്ള മന്ത്രിയാണ് അർജുൻ റാം മേഘ്‌വാൾ.

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അർജുൻ റാം മേഘ്‌വാളിന്റെ നിയമനം എന്നതും ശ്രദ്ധേയമാണ്. അടുത്ത ജനുവരിയിലാണ് തെരഞ്ഞെടുപ്പ്. അരുണാചൽ പ്രദേശിൽ നിന്നുള്ള എംപിയാണ് കിരൺ റിജിജു.

തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര മന്ത്രി പദവി നൽകിയുള്ള നീക്കം ബിജെപി ഇതിന് മുൻപും നടത്തിയിട്ടുണ്ട്. രാജസ്ഥാൻ തെരഞ്ഞെടുപ്പിനെ അഭിമാനപോരാട്ടമായാണ് ബിജെപി കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് രാജസ്ഥാനിൽ നിന്നുള്ള അർജുൻ റാം മേഘ്‌വാളിന് കേന്ദ്രമന്ത്രി പദവി നൽകിയത്.

അതേസമയം, ജഡ്ജി നിയമനവുമായി റിജിജു നടത്തിയ പ്രസ്താവനകൾ പലപ്പോഴും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും കേന്ദ്രസർക്കാരും തമ്മിലുള്ള ശീതയുദ്ധത്തിന് വഴിയൊരുക്കിയിരുന്നു. കൊളീജിയം സിസ്റ്റം തന്നെ ഇല്ലാതാക്കണമെന്ന് പലപ്പോഴും റിജിജു അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് വിനയായത്.