കോഴിക്കോട്: ബോളിവുഡ് ഗാനങ്ങൾക്ക് ഇതിഹാസം തീർത്ത കിഷോർ കുമാറിനും ലതാ മങ്കേഷ്കറിനും ശ്രദ്ധാഞ്ജലിയർപ്പിച്ച് കിഷോർ – ലതാജി ലൈവ് മ്യൂസിക് ഷോ കാണികൾക്ക് പഴയ പാട്ടിന്റെ ഓർമകൾ സമ്മാനിച്ചു. ടാഗോർ ഹാളിൽ കിഷോർ കുമാറിന്റെയും ലതാജിയുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്നതായി ഓരോ ഗാനങ്ങളും.
|
ഹംസബ് ഉസ്താദ് ഹെ എന്ന ചിത്രത്തിൽ ലതാജി ആലപിച്ച അജ്നബി എന്ന ഗാനം പാടിയാണ് പ്രശസ്ത ഗായിക ഗംഗ ലൈവ് മ്യൂസിക്കിന് തുടക്കമിട്ടത്. പക്ഷെ സിനിമയിലെ സൂര്യാംശു ഓരോ വയൽ പൂവിനും എന്ന ഗാനത്തിൽ യേശുദാസിനൊപ്പം പാടിയാണ് ഗംഗ മലയാള പിന്നണി ഗാന രംഗത്ത് എത്തുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, ബംഗാളി, ഹിന്ദി ചിത്രങ്ങളിലായി 800 ഓളം ഗാനങ്ങളിൽ പിന്നണി പാടിയ ഗംഗ ഒരിടവേളയ്ക്ക് ശേഷമാണ് ചെന്നൈയിൽ നിന്നും കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.
ഹരേ രാമ ഹരേ കൃഷ്ണയിലെ ഫൂലോക്ക … താരോക്ക എന്ന ഗാനം പാടി ഡോ. അനു ദേവാനന്ദും ജ്വവൽ തീഫ്-ലെ യെ ദിൽ ന ഹോ ബേച്ചാരോ ഗാനം പാടി സലീഷ് ശ്യം കാണികളുടെ കയ്യടി നേടി. അമർ പ്രേം ലെ യേ ക്യാ ഹു … എന്ന ഗാനവുമായി ഫസൽ ഗഫൂറും ജൂലി സിനിമയിലെ ദിൽ ക്യ കരേ ഗാനവുമായി വിനീഷ് വിദ്യാധരനും എത്തി. ആർ ഡി ബർമ്മൻ സംഗീതം നൽകിയ കിഷോർ – ലതാജി ഗാനങ്ങളായിരുന്നു ഏറെയും പാടിയത്.
കിഷോർ കുമാർ ഫൗണ്ടേഷനും ലയൺസ് ഇന്റർ നാഷണലും ചേർന്ന് നടത്തിയ ചടങ്ങ് ലയൺസ് ഇന്റർ നാഷണൽ ഡിസ്ട്രിക്റ്റ് ഗവർണർ പി സുധീർ ഉദ്ഘാടനം ചെയ്തു. കിഷോർ കുമാർ ഫൗണ്ടേഷൻ രക്ഷാധികാരി ഡോ. ഫസൽ ഗഫൂർ കിഷോർ അനുസ്മരണം നടത്തി. ഒരു ഭരണ കർത്താക്കൾക്ക് മുൻപിലും വഴങ്ങാത്ത പ്രകൃതമായിരുന്നു കിഷോർ കുമാറിന്റെതെന്ന് ഫസൽ ഗഫൂർ പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി വിളിച്ച പ്രോഗ്രാമിൽ പങ്കെടുക്കാൻ പോകാതിരുന്നതിനാൽ എ ഐ ആർ വിലക്ക് വരെ കിഷോർ കുമാർ നേരിടേണ്ടി വന്നതായും അദ്ദേഹം അനുസ്മരിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ടി കെ രജീഷ്, കെ വി രാമചന്ദ്രൻ ,കെ സുബൈർ, ആർ ജി രമേഷ് , കെ പ്രേംകുമാർ , സെക്രട്ടറി – കിഷോർ അനിയൻ, സുനിത ജ്യോതി പ്രകാശ്, കെ എൻ മുകേഷ് കുമാർ എന്നിവർ സംസാരിച്ചു.



