കൊല്ലം: കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസിലെ പ്രതികള്‍ അക്രമാസക്തരായി കോടതിയുടെ ജനല്‍ചില്ല് തകര്‍ത്തു. വിചാരണയ്ക്കായി പ്രതികളെ കൊല്ലം സെഷന്‍സ് കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു അക്രമം. പ്രതികളായ അബ്ബാസ് അലി, ഷംസൂന്‍ കരീം രാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നീ ബേസ്മൂവ്‌മെന്റ് പ്രവര്‍ത്തകരാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് അക്രമാസക്തരായത്.
|
ഉച്ചയ്ക്ക് 2:45 ഓടെയായിരുന്നു സംഭവം. കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസിലെ പ്രതികളായ നാലു ബേസ്മൂവ്‌മെന്റ് പ്രവര്‍ത്തകരെയാണ് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍നിന്നാണ് കൊല്ലത്തേക്ക് എത്തിച്ചത്.
വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ജഡ്ജി നടത്തുമ്പോഴാണ് പ്രതികള്‍ അക്രമാസക്തരായത്. കോടതിക്ക് പുറത്ത് ബെഞ്ചില്‍ ഇരിക്കുകയായിരുന്ന പ്രതികള്‍ ജഡ്ജിയെ കാണണമെന്ന് ആവശ്യപ്പെടുകയും പോലിസ് തടഞ്ഞതോടെ തൊട്ടുപിറകിലെ ജനല്‍ചില്ല് കൈവിലങ്ങ് കൊണ്ട് തകര്‍ക്കുകയുമായിരുന്നു.
കനത്ത സുരക്ഷാ വലയത്തിലാണ് പ്രതിളെ കോടതിയിലേക്ക് എത്തിച്ചിരുന്നത്. കേരള പോലിസിനു പുറമേ ആന്ധ്രാ പോലിസിന്റെ ഒരു സംഘവും സുരക്ഷ ഒരുക്കിയിരുന്നു. ഇതിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ ജഡ്ജിയെ കാണണമെന്ന് ആവശ്യപ്പെടുകയും ജനല്‍ചില്ല് തകര്‍ക്കുകയും ചെയ്തത്.
തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനയാണ് ബേസ്മൂവ്‌മെന്റ്. 2016 ജൂണ്‍ 15നാണ് കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനം ഉണ്ടായത്. തൊഴില്‍ വകുപ്പിന്റെ ജീപ്പില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. അഞ്ചു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണയുടെ ആദ്യദിവസമാണ് അക്രമം അരങ്ങേറിയത്. അക്രമാസക്തരായ പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.





