കൊച്ചി: കോട്ടക്കല്‍ കുറ്റിപ്പുറം ജുമാ മസ്ജിദില്‍ നടന്ന ഇരട്ടക്കൊലക്കേസില്‍ ഒമ്പത് പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു. (Kuttippuram Juma Masjid double murder; Accused acquitted) വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി.
|
കുറ്റപത്രത്തിലെ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ റദ്ദാക്കിയത്.
കോട്ടക്കലിനു സമീപം കുറ്റിപ്പുറം സ്വദേശികളായ അമരിയില്‍ അബു സുഫിയാന്‍ (50), പള്ളിപ്പുറം യൂസഫ് ഹാജി (61), മുഹമ്മദ് നവാസ് (36), ഇബ്രാഹിംകുട്ടി (41), പള്ളിപ്പുറം മുജീബ് റഹ്‌മാന്‍ (35), തയ്യില്‍ സൈതലവി (64), പള്ളിപ്പുറം അബ്ദു ഹാജി (59), തയ്യില്‍ മൊയ്തീന്‍കുട്ടി (66), പള്ളിപ്പുറം അബ്ദുള്‍ റഷീദ് (46), അമരിയില്‍ ബീരാന്‍ (75) എന്നിവരെയാണ് വെറുതെവിട്ടിരിക്കുന്നത്. കേസിലെ ഏഴാം പ്രതി അപ്പീല്‍ ഘട്ടത്തില്‍ മരിച്ചിരുന്നു.
2008 ആഗസ്റ്റ് 29 വെള്ളിയാഴ്ച ഉച്ചക്ക് 1.30നാണ് കേസിനാസ്പദമായ സംഭവം. സഹോദരന്‍ അഹമ്മദ്കുട്ടി എന്ന കുഞ്ഞാവ ഹാജിക്കൊപ്പം ജുമുഅ നമസ്‌ക്കാരത്തിനായി പള്ളിയിലെത്തിയതായിരുന്നു അബ്ദുവും അബൂബക്കറും. മാരകായുധവുമായി പള്ളിയിലെത്തിയ പ്രതികള്‍ ഇവരെ തടഞ്ഞു വെക്കുകയും അബ്ദുവിനെയും അബൂബക്കറിനെയും കുത്തിക്കൊന്നുവെന്നുമായിരുന്നു കേസ്.
പള്ളിക്കമ്മിറ്റി അംഗങ്ങളുടെ അനുവാദമില്ലാതെ മഹല്ല് ഖാദിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലിസ് പറഞ്ഞു. കേസിലെ ഒന്നു മുതല്‍ നാലു വരെയുള്ള സാക്ഷികളുടെ മൊഴികള്‍ ഒട്ടും വിശ്വാസ്യയോഗ്യമല്ലെന്ന് അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി പറഞ്ഞു.
സംഭവം നടന്നുവെന്ന് പറയുന്ന സമയത്ത് സംഘര്‍ഷത്തില്‍ കക്ഷികളല്ലാത്ത നിരവധി പേര്‍ പള്ളിയിലുണ്ടായിരുന്നു. എന്നാല്‍, ഇവരെ ആരെയും പോലിസ് സാക്ഷികളാക്കിയില്ല. ഇത്തരം സ്വതന്ത്രസാക്ഷികളെ കേസില്‍ ഉള്‍പ്പെടുത്താത്തത് വീഴ്ച്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.


