കുവൈത്ത് സിറ്റി: നാടിനെ വിറങ്ങലിപ്പിച്ച കുവൈത്തിലെ തീപ്പിടിത്ത ദുരന്തത്തില്‍ കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഒളവറ സ്വദേശി നളിനാക്ഷന്റെ ജീവന്‍ കാത്തത് ഒരു വാട്ടര്‍ ടാങ്ക്. ( Kuwait building fire update: Side story Sajan and Lukose) കത്തിയെരിയുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വെള്ളത്തിലേക്ക് ചാടാന്‍ തോന്നിയ ബുദ്ധിയാണ് നളിനാക്ഷന്റെ ജീവന്‍ രക്ഷിച്ചത്. അരയ്ക്ക് പരുക്കേറ്റതൊഴിച്ചാല്‍ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് നളിനാക്ഷനും നാട്ടിലുള്ള അമ്മ യശോദയും ഭാര്യ ബിന്ദുവും ഉള്‍പ്പെടെയുള്ള കുടുംബവും.
|
‘കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീയിലും പുകയിലും പെട്ടപ്പോള്‍ എന്തു ചെയ്യണമെന്നു നിശ്ചയമില്ലായിരുന്നു. ചുറ്റിലും നിലവിളികള്‍ ഉയരുന്നു. എന്താണ് സംഭവിക്കുന്നതെന്നോ എങ്ങോട്ട് ഓടണമെന്നോ ഒരു നിശ്ചയവുമില്ല. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടര്‍ ടാങ്കിന്റെ കാര്യം ഓര്‍ത്തത്. പിന്നീടൊന്നും ആലോചിച്ചില്ല. ആ ഭാഗത്തേക്ക് എടുത്തു ചാടി. വീഴ്ചയില്‍ അരയ്ക്കു താഴെ പരുക്കേറ്റു. ആശുപത്രിയില്‍ എത്തുന്നതുവരെ ബോധമുണ്ടായില്ല’- എങ്കിലും ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് അദ്ദേഹം.
10 വര്‍ഷത്തിലേറെയായി കുവൈത്തില്‍ ജോലിയെടുക്കുന്ന നളിനാക്ഷന്‍, വിവിധ സംഘടനകളുമായി ചേര്‍ന്നു സന്നദ്ധ പ്രവര്‍ത്തനവും നടത്തുന്നുണ്ട്.
സാജന്‍ കുവൈത്തിലെത്തിയത് ഒരു മാസം മുമ്പ്; ലൂക്കോസിന്റെ ജീവന്‍ അഗ്നി വിഴുങ്ങിയത് നാട്ടിലേക്ക് മടങ്ങാനൊരുങ്ങവേ
കുവൈത്തിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച സാജന്‍ ജോര്‍ജ് ജോലിക്കായി കുവൈത്തിലേക്ക് പോയത് ഒരു മാസം മുന്‍പ്. കൊല്ലം പുനലൂര്‍ സ്വദേശിയായ സാജന്‍(29) നരിയ്ക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ വില്ല പുത്തന്‍ വീട്ടില്‍ ജോര്‍ജ് പോത്തന്റെയും വല്‍സമ്മയുടേയും മകനാണ്. എംബിഎ ബിരുദധാരിയായ സാജന്‍ ദുരന്തമുണ്ടായ കമ്പനിയിലെ ജൂനിയര്‍ കെമിക്കല്‍ എന്‍ജിനീയറാണ്. ഏക സഹോദരി ആന്‍സി.
തീപിടിത്തത്തില്‍ മരിച്ച മറ്റൊരു മലയാളിയായ വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു 48) അടുത്ത മാസം നാട്ടിലേക്കു വരാനിരിക്കെയാണ് വീട്ടുകാരെ തേടി ദുരന്തവാര്‍ത്തയെത്തിയത്. ഇന്നലെ രാവിലെയും ലൂക്കോസ് വീട്ടുകാര്‍ക്കുള്ള പതിവ് ഗുഡ്‌മോണിങ് സന്ദേശം അയച്ചു. എന്നാല്‍ ജോലിക്കു പോകുന്നതനു മുന്‍പുള്ള പതിവു ഫോണ്‍ വിളി മാത്രം ഉണ്ടായില്ല. പ്ലസ്ടുവിന് എല്ലാ വിഷയങ്ങള്‍ക്കും ലൂക്കോസിന്റെ മകള്‍ എ പ്ലസ് നേടിയിരുന്നു. മകളുടെ കോളജ് അഡ്മിഷനു വേണ്ടിയാണ് നാട്ടിലേക്ക് വരാനിരുന്നത്. 18 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന ലൂക്കോസ് എന്‍ബിടിസി കമ്പനിയിലെ മെക്കാനിക്കല്‍ സൂപ്പര്‍വൈസറാണ്.


