|
കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ചികിത്സയിലിരുന്ന ഒരു ഇന്ത്യാക്കാരന്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. കുവൈത്ത് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അപകടത്തില്‍ മരിച്ച 23 മലയാളികളുടെ അടക്കം 31 മൃതദേഹങ്ങള്‍ വഹിച്ചുള്ള പ്രത്യേക വിമാനം കൊച്ചിയില്‍ എത്തി. തമിഴ്‌നാട് സ്വദേശികളുടേയും, കര്‍ണാടക സ്വദേശിയുടേയും മൃതദേഹങ്ങള്‍ കൊച്ചിയില്‍ വെച്ച് വീട്ടുകാര്‍ക്ക് കൈമാറും.
ഏഴു തമിഴ്‌നാട് സ്വദേശികളും ഒരു കര്‍ണാടക സ്വദേശിയുമാണ് കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത്. രാവിലെ 10.30 ഓടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലെത്തിച്ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. വിമാനത്താവളത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷം വീട്ടുകാര്‍ക്ക് കൈമാറും. വിമാനത്താവളത്തില്‍ അരമണിക്കൂറാകും പൊതുദര്‍ശനം.
ഗാര്‍ഡ് റൂമിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കുവൈത്ത് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം ഇത്തരത്തില്‍ ക്രമക്കേടുകള്‍ ഉണ്ടോയെന്നറിയാന്‍ കൂവൈത്തിലെ ലേബര്‍ ക്യാമ്പുകളില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. 568 കെട്ടിടങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 189 ബേസ്‌മെന്റുകളില്‍ അനധികൃതമായി താമസിപ്പിച്ചിരുന്നവരെ ഒഴിപ്പിച്ചു.
തീപിടിത്തമുണ്ടായ അല്‍ അഹ്മദി ഗവര്‍ണറേറ്റിന് പുതിയ ഗവര്‍ണറെ നിയമിച്ചു. ഷെയ്ഖ് ഹുമൂദ് ജാബര്‍ അല്‍അഹമ്മദ് അല്‍സബ ആണ് പുതിയ ഗവര്‍ണര്‍. കുവൈറ്റ് അമീര്‍ ആണ് പുതിയ ഗവര്‍ണറെ നിയമിച്ച് ഉത്തരവിറക്കിയത്. അപകടത്തില്‍ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. ഇതില്‍ 46 പേരും ഇന്ത്യക്കാരാണ്. 3 പേര്‍ ഫിലിപ്പീന്‍സില്‍നിന്നുള്ളവരാണ്. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പ്രവാസി വ്യവസായികളും ഉള്‍പ്പെടെ 22 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ കുവൈത്ത് സര്‍ക്കാരും സഹായം നല്‍കും.
മരിച്ച മലയാളികള്‍
1. കാസര്‍കോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34)
2. കാസര്‍കോഡ് തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി (58)
3. കണ്ണൂര്‍ പാടിയോട്ടുചാല്‍ വയക്കര സ്വദേശി നിതിന്‍ കൂത്തൂര്‍ (30),
4. കണ്ണൂര്‍ ധര്‍മടം വിശ്വാസ് കൃഷ്ണന്‍
5. മലപ്പുറം പുലാമന്തോള്‍ തിരുത്ത് എം.പി ബാഹുലേയന്‍ (36)
6. മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെ പുരക്കല്‍ നൂഹ് (40)
7. തൃശ്ശൂര്‍ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസ് (44)
8. കോട്ടയം പാമ്പാടി ഇടിമണ്ണില്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29)
9. കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് (38)
10. ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീപ് (27)
11. പത്തനംതിട്ട കീഴ് വായ്പ്പൂര്‍ നെയ്വേലിപ്പടി സിബിന്‍ ടി. എബ്രഹാം (31)
12. ചെങ്ങന്നൂര്‍ പാണ്ടനാട് വന്‍മഴി മണക്കണ്ടത്തില്‍ മാത്യു തോമസ് (53),
13. പന്തളം മുടിയൂര്‍ക്കോണം ആകാശ് ശശിധരന്‍ നായര്‍ (31)
14. തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍ (37)
15. വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി മുരളീധരന്‍ (54)
16. കോന്നി അട്ടച്ചാക്കല്‍ ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56)
17. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് എന്ന സാബു (48)
18. കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30)
19. കൊല്ലം പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29)
20. തിരുവനന്തപുരം നെടുമങ്ങാട് അരുണ്‍ ബാബു (37)
21 കണ്ണൂര്‍ കടലായി അനീഷ് കുമാര്‍
22 തിരുവനന്തപുരം ഇടവ സ്വദേശി ശ്രീജേഷ് തങ്കപ്പന്‍ നായര്‍
23 കൊല്ലം പെരിനാട് സുമേഷ് പിള്ള സുന്ദരം
ബുധന്‍ പുലര്‍ച്ചെയാണ് മംഗഫിലെ ലേബര്‍ ക്യാംപില്‍ തീപിടിത്തമുണ്ടായത്. മലയാളികളുടെ കീഴിലുള്ള എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റാണിത്. 46 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്. 40 പേര്‍ അഞ്ച് ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. 160 ഓളം ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്. അപകടത്തില്‍ പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്.
kuwait fire accident latest updates


