23
Jun 2024
Fri
23 Jun 2024 Fri

കൊച്ചി: കുവൈത്തിലെ ഇന്ത്യക്കാര്‍ താമസിക്കുന്ന ലേംബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം വഹിച്ചുള്ള പ്രത്യേക വ്യോമസേനാ വിമാനം നെടുമ്പാശ്ശേരിയിലെത്തി. രാവിലെ 10.36 ഓടെയാണ് വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്. 23 മലയാളികള്‍ അടക്കം 45 പേരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. ഇതില്‍ മലയാളികളുടേയും തമിഴ്‌നാട്, കര്‍ണാടക സ്വദേശികളുടേയും മൃതദേഹം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശില്‍ നിന്നും നാലുപേര്‍, ആന്ധ്ര സ്വദേശികളായ മൂന്നുപേര്‍, ബിഹാര്‍, ഒഡീഷ, മഹാരാഷ്ട്ര, പഞ്ചാബ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. അവിടെ നിന്നാണ് ഇവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ കൈമാറുക.

അതേസമയം, തീപിടിത്തത്തില്‍ നമുക്കുണ്ടായത് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന് തന്നെ സംഭവിച്ച വലിയ ദുരന്തമാണ് കുവൈത്തിലുണ്ടായത്. ഇനി ഇത്തരമൊരു ദുരന്തമുണ്ടാകാതിരിക്കാന്‍ ശ്രദ്ധ വേണം. കേരളത്തിന്റെ ജീവനാഡികളായാണ് പ്രവാസികളെ നാം കാണുന്നത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍ കുവൈത്ത് സര്‍ക്കാരിന്റെ കുറ്റമറ്റ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാരും ശരിയായ തരത്തില്‍ ഇടപെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തില്‍ പോയി ഏകോപനം നിര്‍വഹിച്ചു. കുടുംബാംഗങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യാ സര്‍ക്കാരും കുവൈത്തുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വേഗത കൂട്ടാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മന്ത്രി വീണാ ജോര്‍ജിന് കുവൈത്തില്‍ പോകാന്‍ അനുമതി നല്‍കാരിതുന്നത് ശരിയായ നടപടിയല്ല, എങ്കിലും ഈ സമയത്ത് അത് വിവാദമാക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാല്‍ താന്‍ ഇപ്പോള്‍ അത് ഉന്നയിക്കുന്നില്ല. അക്കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമല്ല. പിന്നീട് വേണമെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടത് മലയാളികളാണ് എന്നതു കണക്കിലെടുത്ത് മന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക് പോകാന്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാതിരുന്നതിനാല്‍ പോകാന്‍ സാധിച്ചില്ലെന്നും ഇനിയത് വിവാദമാക്കാനില്ലെന്നും മുഖ്യമന്ത്രി പഞ്ഞു.

അതേസമയം, തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ചികിത്സയിലിരുന്ന ഒരു ഇന്ത്യാക്കാരന്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. കുവൈത്ത് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ഗാര്‍ഡ് റൂമിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കുവൈത്ത് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം ഇത്തരത്തില്‍ ക്രമക്കേടുകള്‍ ഉണ്ടോയെന്നറിയാന്‍ കൂവൈത്തിലെ ലേബര്‍ ക്യാമ്പുകളില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. 568 കെട്ടിടങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 189 ബേസ്‌മെന്റുകളില്‍ അനധികൃതമായി താമസിപ്പിച്ചിരുന്നവരെ ഒഴിപ്പിച്ചു.

മരിച്ച മലയാളികള്‍

1. കാസര്‍കോഡ് ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34)
2. കാസര്‍കോഡ് തൃക്കരിപ്പൂര്‍ എളബച്ചി സ്വദേശി കേളു പൊന്മലേരി (58)
3. കണ്ണൂര്‍ പാടിയോട്ടുചാല്‍ വയക്കര സ്വദേശി നിതിന്‍ കൂത്തൂര്‍ (30),
4. കണ്ണൂര്‍ ധര്‍മടം വിശ്വാസ് കൃഷ്ണന്‍
5. മലപ്പുറം പുലാമന്തോള്‍ തിരുത്ത് എം.പി ബാഹുലേയന്‍ (36)
6. മലപ്പുറം തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെ പുരക്കല്‍ നൂഹ് (40)
7. തൃശ്ശൂര്‍ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസ് (44)
8. കോട്ടയം പാമ്പാടി ഇടിമണ്ണില്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29)
9. കോട്ടയം പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസ് (38)
10. ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീപ് (27)
11. പത്തനംതിട്ട കീഴ് വായ്പ്പൂര്‍ നെയ്വേലിപ്പടി സിബിന്‍ ടി. എബ്രഹാം (31)
12. ചെങ്ങന്നൂര്‍ പാണ്ടനാട് വന്‍മഴി മണക്കണ്ടത്തില്‍ മാത്യു തോമസ് (53),
13. പന്തളം മുടിയൂര്‍ക്കോണം ആകാശ് ശശിധരന്‍ നായര്‍ (31)
14. തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍ (37)
15. വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി മുരളീധരന്‍ (54)
16. കോന്നി അട്ടച്ചാക്കല്‍ ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56)
17. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് എന്ന സാബു (48)
18. കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30)
19. കൊല്ലം പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29)
20. തിരുവനന്തപുരം നെടുമങ്ങാട് അരുണ്‍ ബാബു (37)
21 കണ്ണൂര്‍ കടലായി അനീഷ് കുമാര്‍
22 തിരുവനന്തപുരം ഇടവ സ്വദേശി ശ്രീജേഷ് തങ്കപ്പന്‍ നായര്‍
23 കൊല്ലം പെരിനാട് സുമേഷ് പിള്ള സുന്ദരം

ബുധന്‍ പുലര്‍ച്ചെയാണ് മംഗഫിലെ ലേബര്‍ ക്യാംപില്‍ തീപിടിത്തമുണ്ടായത്. മലയാളികളുടെ കീഴിലുള്ള എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റാണിത്. 46 ഇന്ത്യക്കാരടക്കം 49 പേരാണ് മരിച്ചത്. 40 പേര്‍ അഞ്ച് ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. 160 ഓളം ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്. അപകടത്തില്‍ പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്.

kuwait fire accident latest updates