23
Jun 2024
Sat
23 Jun 2024 Sat
kuwait fire incident again

കുവൈത്ത് സിറ്റി: തീപ്പിടിത്തത്തില്‍ 50 പേരുടെ ജീവന്‍ പൊലിഞ്ഞ കുവൈത്തില്‍ വീണ്ടും അഗ്‌നിബാധ. വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയുമായി മൂന്നിടങ്ങളിലാണ് തീപ്പിടിത്തമുണ്ടായത്. വെള്ളിയാഴ്ച്ച മഹ്ബൂല ബ്ലോക്ക് ഒന്നിലുണ്ടായ തീപ്പിടിത്തത്തില്‍ ഇന്ത്യക്കാരടക്കം 9 പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തീ നിയന്ത്രണ വിധേയമാക്കിയതായി ഫയര്‍ ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീ കണ്ട് രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമാണ്. എന്നാല്‍, തീപ്പിടിത്തം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അതേ സമയം, വ്യാഴാഴ്ച രാജ്യത്ത് രണ്ടിടത്ത് തീപിടിത്തമുണ്ടായി. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് ആദ്യ സംഭവം. വ്യാഴാഴ്ച ഉച്ചയോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഒരു കടയില്‍ തീപടര്‍ന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും ആളപായം ഇല്ല.

വ്യാഴാഴ്ച ജലീബില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീ പിടിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. അപകടത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. ആര്‍ക്കും കാര്യമായ പരിക്കുകളില്ല.

വേനല്‍ കനക്കുന്നു; ജാഗ്രത പാലിക്കണം

രാജ്യത്ത് വേനല്‍ കനത്തുതുടങ്ങിയതോടെ തീപിടിത്തം വ്യാപകമായി. 50 ഡിഗ്രിക്കടുത്താണ് നിലവില്‍ പകല്‍ ചൂട്. ഇതിനാല്‍ മിക്ക ദിവസങ്ങളിലും ഒന്നിലധികം തീപിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവിനൊപ്പം ചൂടുള്ള കാറ്റും ആഞ്ഞുവീശുന്നതുമൂലം ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കുക താരതമ്യേന പ്രയാസകരമാണ്. കൊടും ചൂടില്‍ തീപിടിത്ത സാധ്യത കൂടുതലായതിനാല്‍ പെട്ടെന്ന് തീ പിടിക്കുന്നതും പടരുന്നതും തടയുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് അഗ്‌നിശമന സേനയുടെ മുന്നറിയിപ്പുണ്ട്. ജനറല്‍ ഫയര്‍ഫോഴ്‌സ് ഡിപ്പാര്‍ട്ടുമെന്റാണ് ഇത് സംബന്ധിച്ച് സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രത്യേകം നിര്‍ദേശം നല്‍കിയത്.

വീടുകളും അപാര്‍ട്ട്‌മെന്റുകളും ശ്രദ്ധിക്കണം
അടുക്കളയിലെ ഇലക്ട്രിക് പാചക സംവിധാനങ്ങള്‍, ഗ്യാസ് സിലിണ്ടറുകള്‍, മൈക്രോ ഓവന്‍ എന്നിവ പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കണം. ശക്തമായ ചൂടും അതിനിടയില്‍ തിരക്ക് പിടിച്ച് ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്യേണ്ടി വരുന്നതിനാലും ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത കൂടുതലാണ്. തീ കെടുത്താനുള്ള പ്രാഥമിക സംവിധാനങ്ങള്‍ എല്ലാ വീടുകളിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം.

വാഹനങ്ങളില്‍ ജാഗ്രത പാലിക്കണം
സുരക്ഷിതമായ ഇടങ്ങളില്‍ മാത്രം നിര്‍ത്തിയിടുക, വാഹനത്തിലിരുന്ന് പുകവലിക്കരുത്, അശ്രദ്ധമായി വാഹനത്തില്‍ സാധനങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ വലിച്ചുവാരിയിടരുത്, പവര്‍ബാങ്കും പോര്‍ട്ടബിള്‍ ചാര്‍ജറും പോലെയുള്ള സാധനങ്ങള്‍ വാഹനത്തില്‍ വെക്കരുത്. കരിയും പുകയും കാണുന്നതും കരിഞ്ഞ മണവും പോലെയുള്ള അടയാളങ്ങള്‍ ഒരു നിമിഷം പോലും അവഗണിക്കരുത്.

പുകവലിക്കാന്‍ വേണ്ടി ഗ്യാസ് ലൈറ്റര്‍ വാഹനത്തില്‍ കരുതുന്നത് അപകടമാണ്. എയര്‍ ഫ്രഷ്‌നറും ചൂടില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യത ഏറെയാണ്. റേഡിയേറ്ററില്‍ വെള്ളം/ കൂളന്റ് ഉണ്ടെന്ന് ഉറപ്പാക്കണം. വാഹനങ്ങള്‍ കഴിയുമെങ്കില്‍ തണലത്ത് നിര്‍ത്തിയിടാന്‍ ശ്രദ്ധിക്കണം. നിര്‍ത്തിയിടുന്ന വാഹനത്തിന്റെ ചില്ല് ഒരിഞ്ച് തുറന്നുവെക്കുന്നത് വായുസഞ്ചാരത്തിന് സഹായിക്കും. വാഹനം തുറന്നയുടനെ എ.സി. പ്രവര്‍ത്തിപ്പിക്കുന്നത് നല്ലതല്ല. അല്‍പം തുറന്നുവെച്ചശേഷം സ്റ്റാര്‍ട്ട് ചെയ്ത് ഓടിത്തുടങ്ങുമ്പോള്‍ പ്രവര്‍ത്തിപ്പിക്കലാണ് ഉചിതം, പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വണ്ടിയില്‍ അലക്ഷ്യമായി വാരിവലിച്ചിടരുത്.