25
Mar 2023
Fri
25 Mar 2023 Fri

ന്യൂഡൽഹി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടിലെ സാമ്പത്തിക ക്രമക്കേട് നടന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജി സുപ്രീം കോടതി തള്ളി. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികൾ റദ്ദാക്കണമെന്ന ആവശ്യമാണ് തള്ളിയത്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ തുടർ ഉത്തരവുകളിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്. കേസിൽ നിയമപരമായ നടപടികൾ അടക്കം മാർ ജോർജ് ആലഞ്ചേരി നേരിടണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവിൽ പറയുന്നു. കേസിൽ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെയ്ക്കുന്നതാണ് കോടതി ചെയ്തത്. ഇതോടെ കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി നിലനിൽക്കും.

സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസാണ് ഹർജി നൽകിയത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.

കർദിനാളിന് അനുകൂല നിലപാടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ചത്. കർദിനാളിന് എതിരായ ഒരു പരാതി സർക്കാർ അന്വേഷണം നടത്തി അവസാനിപ്പിച്ചു. സർക്കാർ ഭൂമിയാണ് വിറ്റത് എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തി. നിയമ വിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോടതി ആവശ്യപ്പെട്ടാൽ ഇനിയും അന്വേഷിക്കാമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.