ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. 57 മണ്ഡലങ്ങളാണ് ഏഴാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. (Lok Sabha Election 2024 Phase 7)വോട്ടെണ്ണലിന് ഇനിയും മൂന്ന് നാള്‍ ബാക്കിനില്‍ക്കേ ഇന്നു വൈകീട്ട് പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കണ്ണുംനട്ടിരിക്കുകയാണ് പ്രധാന മുന്നണികളും സ്ഥാനാര്‍ഥികളും. ജൂണ്‍ നാല് ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
|
ഏപ്രില്‍ 19ന് തുടങ്ങിയ വിധിയെഴുത്തിന്റെ അവസാനഘട്ടമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണസി അടക്കം 57 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ബംഗാളും ഉത്തര്‍പ്രദേശും ഹിമാചലും അവസാന ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തും.
പൊള്ളുന്ന ചൂടിനെ വെല്ലുവിളിച്ച് രാജ്യമൊട്ടാകെ ഇളക്കിമറിച്ച പ്രചാരണത്തില്‍ അവസാനഘട്ടം മുഴങ്ങിക്കേട്ടത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സന്ദേശങ്ങളായിരുന്നു. 200ല്‍ അധികം തെരഞ്ഞെടുപ്പ് റാലികളില്‍ ബിജെപിയുടെ താരപ്രചാരകനായ നരേന്ദ്ര മോദി നേരിട്ട് തന്നെ വിദ്വേഷ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു. മറുപുറത്ത് ഇന്ത്യ മുന്നണിക്കു വേണ്ടിയുള്ള പ്രചാരണത്തിന് രാഹുലും പ്രിയങ്കയും നേതൃത്വം നല്‍കി. ജാമ്യത്തിലറിങ്ങിയ അരവിന്ദ് കെജ്രിവാള്‍ പ്രചാരണത്തിന്റെ അവസാന നാളുകളില്‍ എന്‍ഡിഎക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി.

ഇന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ എക്‌സിറ്റ് പോളുകള്‍ പുറത്തുവരും. വിവിധ ഏജന്‍സികളുടേയും മാധ്യമങ്ങളുടേയും പ്രവചനങ്ങളില്‍ കണ്ണുംനട്ടിരിക്കുകയാണ് രാജ്യം. തിരഞ്ഞെടുപ്പിലെ ഫല സാധ്യതകള്‍ വിലയിരുത്തുന്നതിനും തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും ഇന്ത്യ മുന്നണിയുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. മമത ബാനര്‍ജി യോഗത്തിനെത്തില്ല.
ഇന്ന് വോട്ടിംഗ് പൂര്‍ത്തിയാകുന്നതോടെ നരേന്ദ്രമോദി സര്‍ക്കാര്‍ ഓര്‍മ്മയായി മാറുമെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. ഭരണത്തുടര്‍ച്ച ഉറപ്പിച്ച എന്‍ഡിഎ സത്യപ്രതിജ്ഞാ തീയ്യതി വരെ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ 9ന് ഒമ്പതിന് കര്‍ത്തവ്യപഥില്‍ വന്‍ ആഘോഷപൂര്‍വം സത്യപ്രതിജ്ഞ നടത്താനാണ് പദ്ധതി. 8,000ലധികം ആളുകള്‍ക്ക് ഇരിക്കാനുള്ള കൂറ്റന്‍ പന്തല്‍ ഉള്‍പ്പെടെ തയാറാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തയാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. ഇത് ബിജെപിയുടെ ഓവര്‍ കോണ്‍ഫിഡന്‍സ് ആണോ അതോ ആത്മവിശ്വാസമാണോ എന്നതിനുള്ള സൂചനകള്‍ ഇന്നത്തെ എക്‌സിറ്റ് പോളില്‍ ലഭ്യമാവും.





