കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ മൂന്നുദിവസം ക്രൂരമായി മര്‍ദ്ദിച്ചതിനു പിന്നാലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപ്രതികള്‍ കൂടി പിടിയില്‍. കേസില്‍ ഉള്‍പ്പെട്ട നാലുപ്രതികള്‍ക്കായി ശനിയാഴ്ച രാവിലെ പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസില്‍ ഉള്‍പ്പെട്ട സിന്‍ജോ ജോണ്‍സണ്‍, കാശിനാഥന്‍ എന്നിവരാണ് പിടിയിലായത്. സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചവരില്‍ പ്രധാനിയാണ് സിന്‍ജോ ജോണ്‍സന്‍. സൗദ് റിസാല്‍, കാശിനാഥന്‍, അജയ്കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കെതിരേയാണ് പൊലീസ് ഇന്നുരാവിലെ ലുക്കൗട്ട് നോട്ടിസിറക്കിയത്.(lookout notice issued against four accused students over death of sidharth)
|
സിന്‍ജോ ജോണ്‍സണെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതിയായ കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ടവിചാരണ ചെയ്തതിലും മൂന്നുദിവസം ക്രൂരമായി മര്‍ദിച്ചതിലും പ്രധാനിയായിരുന്നു സിന്‍ജോ ജോണ്‍സണ്‍. സിന്‍ജോയാണ് സിദ്ധാര്‍ഥനെ ഏറ്റവും കൂടുതല്‍ മര്‍ദ്ദിച്ചതെന്ന് സിദ്ധാര്‍ഥന്റെ കുടുംബവും പരാതിയില്‍ ഉന്നയിച്ചിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ‘തല വെട്ടുമെന്ന്’ ഹോസ്റ്റലിലെ മറ്റ് അന്തേവാസികളെ സിന്‍ജോ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സിദ്ധാര്‍ഥന്റെ സംസ്‌കാരച്ചടങ്ങില്‍ സംബന്ധിക്കാനെത്തിയതില്‍ ഉള്‍പ്പെട്ട ഏതാനും വിദ്യാര്‍ഥികള്‍ സിദ്ധാര്‍ഥന്റെ പിതാവിനോടാണ് ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതും വിവരം പുറത്തുപറഞ്ഞാല്‍ തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നത്.
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 13 പ്രതികളാണ് പിടിയിലായത്. കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇനി അഞ്ചുപേര്‍ കൂടി പിടിയിലാകാനുണ്ട്. കേസില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, കോളജ് യൂനിയന്‍ പ്രസിഡന്റ് അരുണ്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു.
മര്‍ദനത്തില്‍ പങ്കാളികളായ 19 വിദ്യാര്‍ഥികള്‍ക്ക് വെറ്ററിനറി സര്‍വകലാശാല മൂന്നുവര്‍ഷത്തേക്ക് പഠനവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഇക്കാലയളവില്‍ രാജ്യത്തെ ഒരു കോളജിലും പ്രവേശനംനേടാന്‍ കഴിയില്ല. കോളേജിലെ ആന്റി റാഗിങ് സെല്‍ യോഗമാണ് റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണറിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്തത്.മര്‍ദ്ദനമേറ്റ സിദ്ധാര്‍ഥ് വീട്ടിലേക്ക് പോയെങ്കിലും ഫോണില്‍ വിളിച്ച് തിരിച്ചു വരുത്തിയ ശേഷവും വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി ഫോണില്‍ വിളിച്ചവരുത്തിയവരുള്‍പ്പെടെയുള്ള 10 പേര്‍ക്ക് ഒരുവര്‍ഷത്തേക്ക് പരീക്ഷയില്‍നിന്നും ക്ലാസില്‍ പ്രവേശിക്കുന്നതില്‍നിന്നും വിലക്കേര്‍പ്പെടുത്തി. ഇവരെ ഹോസ്റ്റലില്‍നിന്നും പുറത്താക്കി.
മര്‍ദനമേറ്റനിലയില്‍ കണ്ടെത്തിയിട്ടും ആശുപത്രിയില്‍ എത്തിക്കാത്ത രണ്ടുസഹപാഠികളെ ഇന്റേണല്‍ പരീക്ഷയില്‍നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കുകയും ഹോസ്റ്റലില്‍നിന്ന് പുറത്താക്കുകയും ചെയ്തു. അക്രമം കണ്ടിട്ടും ആരെയും അറിയിക്കാത്ത, സംഭവംനടന്ന 16 മുതല്‍ 18 വരെ തീയതികളില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവന്‍പേരെയും മാതൃകാശിക്ഷയെന്നനിലയില്‍ ഏഴു പ്രവൃത്തിദിവസത്തേക്കും സസ്‌പെന്‍ഡ് ചെയ്തു. 31 കുട്ടികള്‍ക്കാണ് പരസ്യവിചാരണയില്‍ ഏതെങ്കിലും തരത്തില്‍ പങ്കുള്ളതായി കണ്ടെത്തിയത്. അവര്‍ക്കെതിരേയാണ് ഗുരുതരമായ നടപടികള്‍ സ്വീകരിച്ചത്. 31-ല്‍ 19 പേരാണ് മൃഗീയമായി പെരുമാറിയത്. അതില്‍ 18 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഫെബ്രുവരി 14ന് കോളജിലെ വിദ്യാര്‍ഥിനിയോട് ഇഷ്ടം തുറന്നുപറഞ്ഞതിനായിരുന്നു സിദ്ധാര്‍ഥ് ക്രൂരമര്‍ദ്ദനത്തിനിരയായത്. രണ്ടുബെല്‍റ്റുകള്‍ പൊട്ടിപ്പോകുന്നതുവരെയും പിന്നീട് കമ്പിക്കും വയറിനുമൊക്കെ സിദ്ധാര്‍ഥനെ മര്‍ദ്ദിക്കുകയുണ്ടായി. മൂന്നുദിവസമായി സിദ്ധാര്‍ഥ് ആഹാരമൊന്നും കഴിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





