|
തൊടുപുഴ: ഇടുക്കിയില്‍ തൊടുപുഴയ്ക്കടുത്ത് മുട്ടത്ത് റബ്ബര്‍ പാല്‍ കയറ്റിവന്ന ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽകുമാർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളും തമിഴ്നാട് സ്വദേശിയാണെന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.
റബ്ബര്‍ പാല്‍ നിറച്ച വീപ്പകളുമായി വന്ന ലോറി റോഡില്‍നിന്ന് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ കാബിന്‍ പൂര്‍ണമായും തകര്‍ന്നു. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ടു പേരെയും പുറത്തെടുത്തത്. ലോറിയുടെ കാബിന്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് ഇവരെ പുറത്തെടുത്തത്.
തുടര്‍ന്ന് ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു. അപകടം നടന്നതിന് സമീപത്ത് വീട് ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ലോറി പരിശോധിച്ചു. ലോറി നീക്കം ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു.



