|
ന്യൂഡല്‍ഹി: ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹാഥ്രസിലേക്കുള്ള യാത്രയ്ക്കിടെ സംസ്ഥാന പോലീസ് അറസ്റ്റ്‌ചെയ്ത മലയാളി മാധ്യപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ജാമ്യം ലഭിച്ച് 11 ദിവസമായിട്ടും ജയിലില്‍ തന്നെ. യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ചങ്കിലും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ കേസ് ഉള്ളതിനാലാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തത്. ഇ.ഡികേസിലെ ജാമ്യം വിവിധ കാരണങ്ങളാല്‍ നീണ്ടുപോവുകയാണ്. കൂടാതെ, യു.എ.പി.എ കേസിലെ ജാമ്യവ്യവസ്ഥ കഠിനമായതും കാപ്പന് തിരിച്ചടിയായി. പ്രദേശവാസികളുടെ ആള്‍ജാമ്യമാണ് പുറത്തിറങ്ങാന്‍ വേണ്ടത്. എന്നാല്‍ മലയാളിയായ കാപ്പന് യു.പിയില്‍ പരിചയക്കാരില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചിട്ടും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിട്ടില്ല.
കാപ്പനെതിരായ ഇ.ഡി കേസിലെ ജാമ്യാപേക്ഷ ഇന്നലെ പരിഗണനയ്‌ക്കെടുത്തെങ്കിലും നീട്ടുകയായിരുന്നു. ലഖ്‌നൗ ജില്ലാകോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യു.എ.പി.എ കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ.ഡി കേസില്‍ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല. നിലവില്‍ ഉത്തര്‍പ്രദേശിലെ മഥുര സെന്‍ട്രല്‍ ജയിലിലാണ് സിദ്ദിഖ് കാപ്പന്‍ ഉള്ളത്.
യു.എ.പി.എ കേസില്‍ സെപ്തംബര്‍ 9നാണ് സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം നല്‍കിയത്. കാപ്പന്‍ കൂടി സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ മുഹമ്മദ് ആലത്തിനെയും യു.എ.പി.എ, ഇ.ഡി കേസുകളില്‍ അറസ്റ്റ് ചെയ്തിരുന്നു. ആലത്തിനും യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആലമും ഇതുവരെ ഇറങ്ങിയിട്ടില്ല. ഇ.ഡി കേസിലെ ജാമ്യാപേക്ഷ ഈ മാസം 23ന് പരിഗണിക്കും.
2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സിദ്ദിഖ് കാപ്പന് യു.എ.പി.എ കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.
Lucknow court rejects Siddique Kappan’s bail plea in PMLA case



