തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാറിന്റെയും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെയും വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ പി ജയരാജനെതിരെ കള്ളപ്രചാര വേലയാണ് നടക്കുന്നതെന്ന് എം വി ഗോവിന്ദന്‍ ആരോപിച്ചു.(M V Govindan supports E P Jayarajan over his BJP entry accusations)
|
തനിക്കെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നതായി ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചതായും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഗോവിന്ദന്‍ വ്യക്തമാക്കി. നിയമപരമായി നടപടി സ്വീകരിക്കാന്‍ ജയരാജനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ജയരാജന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നന്ദകുമാറുമായുള്ള ബന്ധം നല്ലതല്ലെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇപ്പോള്‍ ബന്ധമില്ലെന്നാണ് ഇ പി ജയരാജന്‍ അറിയിച്ചിട്ടുള്ളതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
എല്‍ഡിഎഫ് കണ്‍വീനറും മുതിർന്ന സിപിഐഎം നേതാവുമായ EP ജയരാജനെ ബിജെപിയിലേക്ക് എത്തിക്കാനായി മൂന്ന് തവണ ചർച്ച നടത്തിയിരുന്നതായും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അവസാനചര്‍ച്ച ജനുവരി രണ്ടാംവാരത്തില്‍ ഡല്‍ഹിയില്‍ വച്ചായിരുന്നെന്നും സിപിഐഎം നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണ് പിന്‍മാറിയതെന്നും ശോഭ പറയുകയുണ്ടായി.
ദക്ഷിണേന്ത്യയില്‍ ബിജെപിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനായുള്ള മെമ്പര്‍ഷിപ് ഡ്രൈവിന്റെ അഖിലേന്ത്യാ തലത്തിലെ കോ-കണ്‍വീനറായി താന്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് കേരളത്തിലെ കോണ്‍ഗ്രസിലെയും സിപിഐഎമ്മിലെയും പല നേതാക്കളുമായി ബന്ധപ്പെട്ടതെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അവർ അവകാശപ്പെട്ടിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





