30
Apr 2023
Thu
30 Apr 2023 Thu

കൊച്ചി: തനിക്കെതിരെ വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ച് ഓൺലൈൻ പോർട്ടൽ മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയ്ക്കെതിരെ നിയമനടപടിയുമായി വ്യവസായി എം.എ യൂസഫലി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ അപകീർത്തിപ്പെടുത്തിയെന്നും വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും കാട്ടിയാണ് യൂസഫലി, ഷാജനെതിരെ വക്കീൽ നോട്ടീസ് അയച്ചത്. തന്നെ അപകീർത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരമായി പത്ത് കോടി രൂപയാണ് യൂസഫലി ആവശ്യപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറുനാടൻ മലയാളിയുടെ യൂട്യൂബ് ചാനലിലൂടെ മാർച്ച് ആറിന് പുറത്തുവിട്ട വിഡിയോയാണ് നടപടിയ്ക്ക് ആധാരം. ഷാജൻ തന്നെയാണ് യൂസഫലിയ്ക്കെതിരെ വിഡിയോയിലൂടെ ആരോപണങ്ങൾ ഉന്നയിച്ചത്. ഏക സിവിൽ കോഡ് ആവശ്യമാണെന്നാണ് യൂസഫലിയും ഷുക്കൂർ വക്കീലും പറയുന്നതെന്ന് ആമുഖമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു വിഡിയോ.

യൂസഫലി സ്വന്തം ഭാര്യയെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചുവെന്ന ആരോപണം ഷാജൻ വിഡിയോയിലൂടെ ഉന്നയിച്ചിരുന്നു. എന്നാൽ ഇത് വാസ്തവവിരുദ്ധമായ കാര്യമാണെന്നും ഇത് തന്നെ മനപൂർവം അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നുമാണ് യൂസഫലി പറയുന്നത്. ഈ വിഡിയോ പുറത്തുവന്നതിലൂടെ തനിയ്ക്കും ലുലു ഗ്രൂപ്പിനുമുണ്ടായ ബുദ്ധിമുട്ടുകൾ കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് യൂസഫലിയുടെ വക്കീൽ നോട്ടീസ്.

നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ നിർവ്യാജം ഖേദം പ്രസിദ്ധീകരിക്കണമെന്നാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പത്ത് കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. ഇതിൽ വീഴ്ച വരുത്തിയാൽ സിവിൽ, ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്നും വക്കീൽ നോട്ടീസിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യൂസഫലി നിയമനടപടികൾ ആരംഭിച്ചുവെന്ന് ഉറപ്പായതോടെ ഷാജൻ സ്‌കറിയ മാപ്പുപറഞ്ഞ് രംഗത്തെത്തിയിരുന്നു. യൂസഫലി ഭാര്യയെ സ്‌പെഷ്യൽ മാരിയേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹം കഴിച്ചു എന്ന് താൻ പ്രചരിപ്പിച്ചത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും ബോധപൂർവ്വം പറഞ്ഞതല്ല ഈ ആരോപണം എന്നും അതിനാൽ അക്കാര്യം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഷാജൻ സ്‌കറിയ യു ട്യൂബ് വീഡിയോയിലൂടെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്നലെ മറുനാടൻ മലയാളിക്ക് വക്കീൽ നോട്ടീസ് ലഭിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകൻ നിഖിൽ റോത്തകി മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്