27
Jun 2024
Fri
27 Jun 2024 Fri
Madhyapradesh muslim homes demolished

മധ്യാപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ബീഫിന്റെ പേരില്‍ ഒരാഴ്ച്ചയ്ക്കിടെ തകര്‍ത്തത് ഡസന്‍ കണക്കിന് മുസ്ലിം വീടുകള്‍. (Madhya Pradesh: Muslim homes demolished over cow slaughter allegations by Hindutva groups ) മാണ്ട്‌ല, ജറോറ, റത്‌ലം, സിയോണി, മൊറീന എന്നിവിടങ്ങളിലാണ് സംഘപരിവാരത്തിന്റെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ അധികൃതര്‍ മുസ്ലിം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൊറീനയിലെ നൂറാബാദ് ഗ്രാമത്തില്‍ ജാഫര്‍ ഖാന്‍, അസഗര്‍ ഖാന്‍ എന്നിവരുടെ വീടുകളില്‍ ബുള്‍ഡോസര്‍ എത്തിയത് ബീഫ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു എന്നാരോപിച്ചാണ്. നേരത്തേ പശുവിനെ അറുത്തു എന്നാരോപിച്ച് ഇരുവര്‍ക്കുമെതിരേ പോലീസ് ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇരുവരുടെയും വീടുകള്‍ തകര്‍ക്കണമെന്നും എന്‍എസ്എ പ്രയോഗിക്കണമെന്നുമാവശ്യപ്പെട്ട് അക്രമം ്അഴിച്ചുവിട്ടിരുന്നു.

മധ്യപ്രദേശ് ഗോഹത്യാ നിരോധന നിയമ പ്രകാരം ഒമ്പതു പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. അതില്‍ രണ്ടു പേര്‍ക്കെതിരേയാണ് എന്‍എസ് പ്രയോഗിച്ചത്. മൂന്ന് പേര്‍ ഒളിവിലാണന്നും പോലീസ് പറഞ്ഞു.

യുപിയിലെ മൊറാദാബാദില്‍ ഒരു കഫേ അടച്ചുപൂട്ടി മുസ്ലിം ഉടമയെ അറസ്റ്റ് ചെയ്തത് മെനുവില്‍ ബീഫ് ബര്‍ഗര്‍ എന്ന് കണ്ടതിന്റെ പേരിലാണ്. കഫേ ഉടമയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

തകര്‍ക്കപ്പെട്ട വീടുകള്‍ അനധികൃതമായി നിര്‍മിച്ചതാണെന്നാണ് പോലീസിന്റെ ന്യായീകരണം. സംഘപരിവാര പ്രവര്‍ത്തകനായ അനിപാല്‍ ഗുര്‍ജാറിന്റെ പരാതി പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചത്. ഏതാനും പേര്‍ പശുവിനെ അറുക്കുന്നത് താന്‍ കണ്ടുവെന്നാണ് ഗുര്‍ജാര്‍ പോലീസിനെ അറിയിച്ചത്. അന്ന് രാത്രി തന്നെ പോലീസ് നൂറാബാദ് ഗ്രാമത്തിലെ ബംഗാളി കോളനിയില്‍ എത്തുകയായിരുന്നു. വീടുകളില്‍ നിന്ന് ബീഫും പശുവിന്റെ തൊലിയും കണ്ടെത്തിയെന്നാണ് പോലീസ് അവകാശവാദം. തൊട്ടുപിന്നാലെ പ്രാദേശിക അധികൃതര്‍ എത്തി തറ ഉള്‍പ്പെടെ രണ്ട് വീടുകളും പൊളിച്ചു മാറ്റി. മൂന്നാമതൊരു വീടിന്റെ തറയും തകര്‍ത്തു.

അടുത്ത കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലിം വീടുകള്‍ തേടി ബുള്‍ഡോസറുകള്‍ എത്തിയത് ഒരേ പാറ്റേണിലാണെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. മുസ്ലിംകള്‍ പശുവിനെ അറുത്തു എന്ന് ആദ്യം സംഘപരിവാര പ്രവര്‍ത്തകര്‍ ആരോപിക്കും. പിന്നാലെ പോലീസ് വന്ന് തെളിവുകള്‍ കണ്ടെത്തിയതായി അവകാശപ്പെടും. ശേഷം പ്രാദേശിക അധികൃതരുടെ വരവാണ്. സര്‍വേ എന്ന പേരില്‍ ചില കണക്കെടുപ്പുകള്‍ നടത്തുകയും അനധികൃത നിര്‍മാണം എന്നാരോപിച്ച് വീടുകള്‍ തകര്‍ക്കുകയുമാണ് അടുത്ത പടി. നിയമ നടപടി ആരംഭിക്കും മുമ്പ് തന്നെ വീടുകള്‍ തകര്‍ക്കുന്ന ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രിം കോടതിയുടെ കര്‍ശനമായ താക്കീത് നിലനില്‍ക്കേയാണ് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇത് ആവര്‍ത്തിക്കുന്നത്.