മദ്‌റസകളില്‍ കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബാലാവകാശ സംരക്ഷണ സ്ഥാപനമായ നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (NCPCR). (Madrassa cannot provide proper education: NCPCR in Supreme Court) മദ്രസകളിലെ പാഠപുസ്തകങ്ങള്‍ ഇസ്ലാമിന്റെ ആധിപത്യം അവകാശപ്പെടുന്നതാണെന്നും കമ്മീഷന്‍ ആരോപിച്ചു. സുപ്രീം കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലാണ് ഈ പരാമര്‍ശം.
|
”മദ്‌റസാ പാഠ്യപദ്ധതിയില്‍ കുറച്ച് എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ ചേര്‍ക്കുന്നത് ശരിയായ വിദ്യാഭ്യാസം നല്‍കുന്നുവെന്ന തോന്നലുണ്ടാക്കാന്‍ വേണ്ടി മാത്രമാണ്. എന്നാല്‍, ഇവിടെ കുട്ടികള്‍ക്ക് ഔപചാരികവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നില്ല,” എന്‍സിപിസിആര്‍ അറിയിച്ചു.
ഗുണനിലവാരമില്ലാത്ത പാഠ്യപദ്ധതി, അധ്യാപകരുടെ യോഗ്യത, ധനസഹായം ലഭ്യമാക്കുന്നതിലെ സുതാര്യതയില്ലായ്മ, ഭൂനിയമങ്ങളുടെ ലംഘനം, എന്നിവ മദ്രസകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായി NCPCR ഉയര്‍ത്തിക്കാട്ടി.
”മദ്രസകളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഖുറാനും മറ്റ് മതഗ്രന്ഥങ്ങളും പഠിക്കാന്‍ ഉപയോഗിക്കുന്ന പരമ്പരാഗത രീതികളെയാണ്. അത് മതത്തിന്റെ പരമ്പരാഗത അടിസ്ഥാനത്തില്‍ മാത്രം നിലകൊള്ളുന്നു,”
”സാമൂഹിക പരിപാടികളോ ഫീല്‍ഡ് ട്രിപ്പുകള്‍ പോലെയുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളോ എങ്ങനെ ആസൂത്രണം ചെയ്യണമെന്നതിനെക്കുറിച്ച് ഭൂരിഭാഗം മദ്രസകള്‍ക്കും ഒരു ധാരണയുമില്ല. പഠനത്തിന്റെ പല നിര്‍ണായക ഘടകങ്ങളും ഇല്ലാത്തതിനാല്‍ ഇത് കുട്ടികളെ മുന്നേറാന്‍ സഹായിക്കുന്നില്ല.
ഈ അടിസ്ഥാന ആവശ്യകതകള്‍ നല്‍കുന്നതില്‍ പരാജയപ്പെടുന്നതിലൂടെ മദ്രസകള്‍ കുട്ടികളുടെ നല്ല വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശത്തെ ലംഘിക്കുന്നു. കുട്ടികള്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസം മാത്രമല്ല, ആരോഗ്യകരമായ അന്തരീക്ഷവും വളര്‍ച്ചയ്ക്കുള്ള മെച്ചപ്പെട്ട അവസരങ്ങളും നിഷേധിക്കപ്പെടുന്നു,”- കമ്മീഷന്‍ പറഞ്ഞു.
ബീഹാര്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മദ്രസകളില്‍ അമുസ്ലിം കുട്ടികളും പഠിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമുസ്ലിംകള്‍ക്ക് ഇസ്ലാമിക മതവിദ്യാഭ്യാസം നല്‍കുന്നത് ഭരണഘടനയുടെ 28(3) വകുപ്പിന്റെ ലംഘനമാണ്. മതപരമായ പ്രബോധനത്തിലോ ആരാധനയിലോ നിര്‍ബന്ധിത പങ്കാളിത്തത്തിനെതിരായ അവകാശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ വകുപ്പ്.
2004ലെ ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളോടുള്ള പ്രതികരണമായാണ് മുതിര്‍ന്ന അഭിഭാഷകന്‍ സ്വരൂപമ ചതുര് വേദിയും അഭിഭാഷകന്‍ അഭയ്ദ് പരീഖും മുഖേന എന്‍സിപിസിആര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.


