മഹാരാഷ്ട്രയില്‍ ശിവസേനയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും സഖ്യം ചേര്‍ന്നു. അംബെര്‍നാഥ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പിലാണ് ഇരു പാര്‍ട്ടികളും സഹകരിച്ചത്. ബിജെപിയുടെ തേജശ്രീ കരഞ്ജുലെയെ മേയറായി തെരഞ്ഞെടുത്തു. 32 വോട്ടുകള്‍ക്കാണ് തേജശ്രീയുടെ ജയം. എന്‍സിപി അജിത് പവാര്‍ വിഭാഗവും തേജശ്രീക്കാണ് വോട്ട് ചെയ്തത്. ഇതോടെ ശിവസേന എക്‌നാഥ് ഷിന്‍ഡെ വിഭാഗം സ്ഥാനാര്‍ത്ഥിയായ മനീഷ വാലെകര്‍ പരാജയപ്പെട്ടു.
|
ഡിസംബറില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനിലെ 60 സീറ്റുകളില്‍ 27 സീറ്റുകള്‍ നേടി ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗമാണ് ഒന്നാമതെത്തിയത്. എന്നാല്‍ ഇവര്‍ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
ALSO READ: പൂനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്ഡിപിഐ സഖ്യം
ബിജെപിക്ക് 14, കോണ്‍ഗ്രസിന് 12, എന്‍സിപി അജിത് പവാര്‍ വിഭാഗം നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ട് പേര്‍ സ്വതന്ത്രരാണ്. അംബെര്‍നാഥ് വികാസ് അഘാടി എന്നാണ് പുതിയ സഖ്യത്തിന് നല്‍കിയിരിക്കുന്ന പേര്.
ശിവസേനയുടെ ദീര്‍ഘകാല ഭരണത്തിന് കീഴില്‍ അഴിമതിയും ഭീഷണി സംസ്‌കാരവും വളര്‍ന്നുവെന്നും അംബെര്‍നാഥില്‍ വികസനം ഉറപ്പാക്കാനാണ് ഈ സഖ്യം എന്നുമാണ് തേജശ്രീ കരഞ്ജുലെ പാട്ടീലിന്റെ പ്രതികരണം. എന്നാല്‍ സഖ്യത്തെ ‘അവിഹിത സഖ്യം’ എന്ന് വിമര്‍ശിക്കുകയാണ് ശിവസേന ചെയ്തത്.
കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തോടെ ബിജെപി ദേശീയ തലത്തില്‍ പ്രചാരണം നടത്തുമ്പോള്‍ താഴെത്തട്ടില്‍ അവരുമായി കൈകൊടുക്കുകയാണ് എന്നാണ് സേന എംഎല്‍എ ബാലാജി കിനികര്‍ പറഞ്ഞത്. സഖ്യത്തിനായി തങ്ങള്‍ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും എന്നാല്‍ അവര്‍ കോണ്‍ഗ്രസിനെയാണ് തെരഞ്ഞെടുത്തത് എന്നും ബാലാജി കിനികര്‍ പ്രതികരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





