മുംബൈ: മഹാരാഷ്ട്രയിൽ ഒരിക്കലൂടെ വൻ രാഷ്ട്രീയ നാടകം. പ്രതിപക്ഷനേതാവ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിലെ ഒരുവിഭാഗത്തെ അടർത്തിയെടുത്ത് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. അജിത് പവാറിന്റെ നേതൃത്വത്തിൽ എൻസിപിയിലെ ഭൂരിപക്ഷം എംഎൽഎമാരും ബിജെപി ക്യാമ്പിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹം. കൂറുമാറ്റവുമായി ബന്ധപ്പെട്ട് അജിത് പവാർ പാർട്ടി എംഎൽഎമാരുമായി ചർച്ച തുടരുകയാണെന്നാണ് സൂചന.
|
പാർട്ടി സ്ഥാപകൻ ശരത് പവാർ മൗനം തുടരുന്നത് അഭ്യൂഹത്തിന് ശക്തി പകർന്നു. സംസ്ഥാനത്ത് എൻസിപിയുടെ 53 എംഎൽഎമാരാണുള്ളത്. ഇതിൽ 40 പേരെങ്കിലും അജിത് പവാറിനെ പിന്തുണച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അനുയോജ്യമായ സമയത്ത് എംഎൽഎമാരുടെ ഒപ്പുകൾ അടക്കം ഗവർണർക്ക് കൈമാറാനാണ് അജിത് പവാർ ക്യാമ്പിന്റെ തീരുമാനം.
നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് പകരം ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകാനാണ് അജിത് പവാറിന്റെ നീക്കം. ശിവസേനയുടെ പിളർപ്പുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി അടുത്തുതന്നെ വിധി പുറപ്പെടുവിക്കും. ഷിൻഡെ വിഭാഗത്തെ അയോഗ്യരാക്കിയേക്കുമെന്ന നിയമവിദഗ്ധരുടെ അഭിപ്രായവും പുതി നീക്കത്തിന് ബിജെപിയെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ട്. പൂനെയിൽ അടക്കമുള്ള പൊതു പരിപാടികൾ റദ്ദാക്കിയ അജിത് പവാർ മുംബൈയിൽ തന്നെ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും പച്ചക്കൊടി കാണിച്ചാൽ മഹാരാഷ്ട്രയിൽ നിർണായക നീക്കമുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വിശ്വസ്തനും സ്വതന്ത്ര എംഎൽഎയുമായ രവി റാണ സൂചിപ്പിച്ചു.
അതേസമയം, മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ആക്കംകൂട്ടി അജിത് പവാറിന്റെ മകൾ സുപ്രിയ സുലെയുടെ പുതിയ പ്രസ്താവനയും ഇതിനോട് ചേർത്തുവായിക്കണം. അടുത്ത 15 ദിവസത്തിനുള്ളിൽ ഡൽഹിയിലും മഹാരാഷ്ട്രയിലും രണ്ട് രാഷ്ട്രീയ പൊട്ടിത്തെറികൾ നടക്കുമെന്ന് സുലെ അവകാശപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





