31
Nov 2024
Fri
31 Nov 2024 Fri
Malayalee Prof gets 84 lakh rupees worth Infosys award

ശാസ്ത്ര- ഗവേഷണ രംഗത്തെ മികവിന് ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷൻ (ഐ.എസ്.എഫ്.) നൽകുന്ന 2024-ലെ പുരസ്‌കാരത്തിന് മലയാളിയായ പ്രഫ. മഹ്മൂദ് കൂരിയ ഉള്‍പ്പെടെ ആറുപേര്‍ അർഹരായി. ഒരു ലക്ഷം യുഎസ് ഡോളറാ(84 ലക്ഷം രൂപ)ണ് സമ്മാനത്തുക. ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗത്തിലാണ് പ്രഫ. മഹ്മൂദ് കൂരിയ പുരസ്‌കാരത്തിനര്‍ഹനായത്. പുരസ്കാരത്തിന് അർഹനായ പ്രായംകുറഞ്ഞ വ്യക്തി കൂടിയാണ് 36കാരനായ മഹ്മൂദ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മഹ്മൂദ് കൂരിയ എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ പ്രഫസറാണ്. കേരളമുള്‍പ്പെടെ ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങളിലെ മുസ് ലിംകളെക്കുറിച്ച് ആഗോള കാഴ്ചപ്പാടിലുള്ള പഠനത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സ്വര്‍ണമെഡലും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 2025 ജനുവരി 11ന് ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള കപ്പലോട്ടചരിത്രത്തെക്കുറിച്ചും കേരളചരിത്രനിര്‍മിതിയെക്കുറിച്ചുമുള്ള പുതിയ ഉള്‍ക്കാഴ്ചനല്‍കുന്ന ഗവേഷണപഠനങ്ങള്‍ മുന്‍നിര്‍ത്തിയാണ് മഹ്മൂദ് കൂരിയയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. നേരത്തേ ഡച്ച് സര്‍ക്കാരിന്റെ രണ്ടുകോടിരൂപയുടെ നാഷണല്‍ റിസര്‍ച്ച് ഫെലോഷിപ്പിന് പ്രഫ. മഹ്മൂദ് കൂരിയ അര്‍ഹനായിട്ടുണ്ട്. ആന, കുതിര, കഴുത തുടങ്ങിയ മൃഗങ്ങള്‍ മലബാര്‍ കലാപകാലത്ത് വഹിച്ച പങ്കിനെക്കുറിച്ചുള്ള മഹ്മൂദിന്റെ പഠനങ്ങള്‍ ശ്രദ്ധേയമാണ്. മൃഗങ്ങളെ ചരിത്രാഖ്യാനത്തിലേക്കുകൊണ്ടുവരുന്ന പുതിയ പഠനസമ്പ്രദായത്തിലെ മികച്ച ഗവേഷണങ്ങളില്‍പ്പെടുന്നവയാണിത്. മലപ്പുറം ജില്ലയിലെ മങ്കട, പനങ്ങാങ്ങര കൂരിയാട്ടുതൊടി കുഞ്ഞിമൊയ്തീന്‍ മുസ്ലിയാരും മാമ്പ്രത്തൊടി മൈമുനത്തുമാണ് മാതാപിതാക്കൾ. ഭാര്യ ഫായിസ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗണിതശാസ്ത്ര ഗവേഷകയാണ്. മകന്‍ മുറാദ് മഹ്മൂദ്.

പനങ്ങാങ്ങരയിലെ എ.എം.എല്‍.പി.സ്‌കൂളിലും ജി.യു.പി. സ്‌കൂളിലുമായാണ് പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് ചെമ്മാട് ദാറുല്‍ഹുദാ അക്കാദമിയില്‍ പഠിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും ഡല്‍ഹി ജെ.എന്‍.യു.വില്‍നിന്ന് പുരാതന ചരിത്രത്തില്‍ എം.എ.യും എം.ഫിലും നേടി. ശേഷം നെതര്‍ലന്‍ഡ്സിലെ ലെയ്ഡന്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. ചെയ്ത് ലെയ്ഡനിലും അശോക സര്‍വകലാശാലയിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു.

പ്രഫ. അരുണ്‍ ജി. ചന്ദ്രശേഖര്‍ (ഗണിതശാസ്ത്രം), പ്രഫ. ശ്യാം ഗൊല്ലകൊട്ട (എന്‍ജിനീയറിങ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്), സിദ്ധേഷ് കാമത്ത് (ലൈഫ് സയന്‍സ്), പ്രഫ. നീനാ ഗുപ്ത (ഗണിതശാസ്ത്രം), വേദികാ ഖെമാനി (ഫിസിക്കല്‍ സയന്‍സ്) എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റുള്ളവര്‍. ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണന്‍, ട്രസ്റ്റിമാരായ എന്‍.ആര്‍. നാരായണമൂര്‍ത്തി, കെ. ദിനേശ്, ഡോ. പ്രതിമാ മൂര്‍ത്തി, മോഹന്‍ദാസ് പൈ, എസ്.ഡി. ഷിബുലാല്‍ തുടങ്ങിയവര്‍ചേര്‍ന്നാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക