02
Mar 2024
Wed
02 Mar 2024 Wed
lulu expatriate absconding

അബൂദബി: യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളി വന്‍തുകയുമായി മുങ്ങി. കണ്ണൂര്‍ സ്വദേശിയായ യുവാവാണ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ആറ് ലക്ഷം ദിര്‍ഹവുമായി(ഒന്നര കോടിയോളം രൂപ) മുങ്ങിയത്. ( Malayali absconding after stealing 6 lakh dirham from office Abudhabi)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ അബൂദബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38) നെതിരെ ലുലു ഗ്രൂപ്പ് അബൂദബി പോലിസില്‍ പരാതി നല്‍കി.

നിയാസ് ഈ മാസം 25ന് ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്നു. എന്നാല്‍, നിയാസ് ജോലിക്കെത്താത്തിനെ തുടര്‍ന്ന് മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്യാഷ് ഓഫിസില്‍ 6 ലക്ഷം ദിര്‍ഹത്തിന്റെ കുറവ് കണ്ടെത്തിയത്.

ക്യാഷ് ഓഫിസില്‍ ജോലി ചെയ്യുന്നവരുടെ പാസ്പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് എളുപ്പത്തില്‍ യുഎഇയില്‍ നിന്ന് പുറത്ത് പോകാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്.

എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബൂദബിയില്‍ നിയാസിനൊപ്പമുണ്ടായിരുന്നു. നിയാസിന്റെ തിരോധാനത്തിനു പിന്നാലെ ഭാര്യയും കുട്ടികളും ആരോടും പറയാതെ മുങ്ങിയിരിക്കുകയാണ്. നിയാസിനെതിരേ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിട്ടുണ്ട്.