15
Sep 2023
Sun
15 Sep 2023 Sun

മുംബൈയില്‍ മൂന്നാഴ്ച മുമ്പ് കാണാതായ മലയാളി വിദ്യാര്‍ഥി ഫാസിലും വ്യാജ ലോണ്‍ സ്ഥാപനങ്ങളുടെ ഇരയെന്ന് സംശയം; പണമിടപാട് വിവരങ്ങള്‍ പുറത്ത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: മുംബൈയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയായ ആലുവ സ്വദേശി ഫാസിലും വ്യാജ ലോണ്‍ സ്ഥാപനങ്ങളുടെ തട്ടിപ്പിന്റെ ഇരയെന്ന് സംശയം. ഇത് തെളിയിക്കുന്ന വിവരങ്ങളും പുറത്തുവന്നു. 12 ദിവസത്തിനിടെ 19 ഇടപാടുകളാണ് ഫാസില്‍ നടത്തിയത്. ആറ് സ്ഥാപനങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപയാണ് ഫാസില്‍ നല്‍കിയതെന്ന് പിതാവ് അഷ്‌റഫ് മൊയ്തീന്‍ മീഡിയവണ്‍ ചാനലിനോട് പറഞ്ഞു.

മോക്ഷ ട്രേഡേഴ്‌സ്, വിഷന്‍ എന്റര്‍പ്രൈസസ്, ഓം ട്രേഡേഴ്‌സ്, ശീതള്‍ ട്രേഡേഴ്‌സ് തുടങ്ങിയ ആറ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. ഇതില്‍ 1.2 ലക്ഷം രൂപയുടെ രേഖയാണ് പുറത്തുവന്നിരിക്കുന്നത്.

ഏറ്റവും അധികം പണം കൈമാറിയത് മോക്ഷ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിനാണ്. ഗൂഗിള്‍ പേ വഴി മോക്ഷയ്ക്ക് 95,000 രൂപയും വിഷന്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന് 25,000 രൂപയും കൈമാറി. എന്നാല്‍ ഈ ഈ സ്ഥാപനങ്ങളൊക്കെ എവിടെയുള്ളതാണെന്ന് കണ്ടെത്താനായിട്ടില്ല.

ആഗസ്റ്റ് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലായാണ് മോക്ഷയ്ക്ക് 95,000 രൂപ കൈമാറിയത്. 25, 26 തിയതികളിലാണ് ഏറ്റവും കൂടുതല്‍ ഇടപാട് നടന്നിരിക്കുന്നത്. അതേസമയം, ഫാസിലിനെ കാണാതായിട്ട് ഇന്നേക്ക് 22 ദിവസം പിന്നിട്ടു. ആഗസ്റ്റ് 26നാണ് മുംബൈയിലെ എച്ച്ആര്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിയായ ഫാസിലിനെ കാണാതായത്.

ഫാസിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ പിതാവും സഹോദരന്‍ അന്‍വറും 27ന് മുംബൈയില്‍ പോയി. എന്നാല്‍, താമസിക്കുന്ന വീട്ടിലോ കോളജിലോ ഫാസിലിനെ കണ്ടെത്താനായില്ല. ആരോടും പറയാതെയാണ് പോയതെന്നാണ് അറിയുന്നത്. സംഭവത്തില്‍ മുംബൈ കൊളാബ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക